മുതുമല കടുവസങ്കേതത്തിൽ വളർത്താനയായ മസിനിയുടെ ആക്രമണത്തിൽ പാപ്പാൻ ബൊമ്മന് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ആനയ്ക്ക് തീറ്റ നൽകുന്നതിനായി കൊണ്ടുപോകുന്നതിനിടെയാണ് ഇരുപത് വയസ്സുള്ള മസിനി അപ്രതീക്ഷിതമായി പ്രകോപിതയായത്.
ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് ബൊമ്മന്റെ തോളെല്ലിന് സാരമായ പരിക്കേറ്റു. പ്രാഥമിക ശുശ്രൂഷയ്ക്കായി ഗൂഡല്ലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, വിദഗ്ധ ചികിത്സ ആവശ്യമുള്ളതിനാൽ പിന്നീട് ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തിന് പിന്നാലെ മറ്റ് പാപ്പാന്മാർ ചേർന്ന് മസിനിയെ തളയ്ക്കുകയും നിലവിൽ മുതുമലയിലെ ഡോക്ടർ രാജേഷ്കുമാറിന്റെ നിരീക്ഷണത്തിലുമാണ് ആനയുള്ളത്. 2006-ൽ മുതുമലയിലെ കാർഗുഡി വനത്തിൽ ഉപേക്ഷിക്കപ്പെട്ട
നിലയിൽ കണ്ടെത്തിയ ആനയാണ് മസിനി. 2015-ൽ അന്നത്തെ മുഖ്യമന്ത്രി ജയലളിതയുടെ ഉത്തരവിനെത്തുടർന്ന് മസിനിയെ സമയപുരത്തെ ക്ഷേത്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു.
എന്നാൽ ആവാസവ്യവസ്ഥയിലെ മാറ്റം ആനയിൽ കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കി. 2018 മേയിൽ കോവിലിൽ വച്ച് പാപ്പാൻ ഗജേന്ദ്രനെ ചവിട്ടിക്കൊന്ന സംഭവത്തെത്തുടർന്ന് ഹൈക്കോടതി ഇടപെടുകയും, 2019 ജനുവരിയിൽ മസിനിയെ തിരികെ മുതുമല തെപ്പക്കാട്ടിലേക്ക് എത്തിക്കുകയും ചെയ്തു.
ശോഷിച്ച അവസ്ഥയിലായിരുന്ന ആന ഒരു വർഷത്തെ പരിചരണത്തിലൂടെ ആരോഗ്യനില വീണ്ടെടുത്തിരുന്നു. അതിനുശേഷം ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു മസിനി.
ഓസ്കർ പുരസ്കാരം നേടിയ ദി എലിഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്ററിയിലെ കേന്ദ്രകഥാപാത്രങ്ങളായ ബൊമ്മനും ഭാര്യ ബെല്ലിയും പരിപാലിക്കുന്ന രഘു എന്ന കുട്ടിയാനയുടെ വാർത്തകൾ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ഈ ദമ്പതികൾ തന്നെ പരിപാലിക്കുന്ന മറ്റൊരു ആനക്കുട്ടിയാണ് ബൊമ്മി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

