സംസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയായി കണക്കാക്കപ്പെടുന്ന വിയ്യൂർ സെൻട്രൽ ജയിലിനു മുകളിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഡ്രോൺ പറന്നതായി റിപ്പോർട്ട്. സംഭവത്തിൽ വിയ്യൂർ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
വെള്ളി പുലർച്ചെയാണ് ജയിൽ പരിസരത്തും സമീപത്തുള്ള കേരള ഫയർ ആൻഡ് റെസ്ക്യൂ അക്കാദമി, ഗവ.എൻജിനീയറിങ് കോളജ് എന്നീ പ്രദേശങ്ങളിലും ഡ്രോൺ കണ്ടതായി നാട്ടുകാർ ജയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചത്. വിവരം ലഭിച്ച ഉടൻ തന്നെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ഡ്രോൺ അപ്രത്യക്ഷമായിരുന്നു.
വ്യാഴം രാത്രി 12നും വെള്ളി പുലർച്ചെ രണ്ടിനും ഇടയിലാണ് ഡ്രോൺ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. ഏകദേശം മൂന്നു തവണ ഡ്രോൺ താഴ്ന്നു പറന്നതായാണ് പ്രാഥമിക നിഗമനം.
കൊടും കുറ്റവാളികളെ ഉൾപ്പെടെ പാർപ്പിച്ചിരിക്കുന്ന വിയ്യൂർ ജയിൽ ക്യാംപസ് പൂർണ്ണമായും ഡ്രോൺ നിരോധിത മേഖലയാണ്. അതിനാൽ തന്നെ അതീവ ഗൗരവത്തോടെയാണ് അധികൃതർ ഈ വിഷയത്തെ കാണുന്നത്.
ജയിലിലേക്ക് ലഹരിവസ്തുക്കൾ എത്തിക്കാനുള്ള ശ്രമമാണോ അതോ റീൽസ് ചിത്രീകരണമാണോ ഇതിനു പിന്നിലെന്ന കാര്യത്തിൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്. സംസ്ഥാന സ്പെഷൽ ബ്രാഞ്ചും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഡ്രോൺ ഓപ്പറേറ്ററെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് റജിസ്റ്റർ ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

