സംസ്ഥാനത്ത് ലഹരി ഉൽപ്പന്നങ്ങളുടെ വിപണനവും ഉപയോഗവും കർശനമായി തടയുന്നതിനായി പോലീസ് ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പ്രത്യേക ഡ്രൈവിന്റെ ഭാഗമായി വർക്കല ക്ലിഫിലും പരിസര പ്രദേശങ്ങളിലും പോലീസ് മിന്നൽ പരിശോധന നടത്തി. ശനിയാഴ്ച പുലർച്ചെ അഞ്ചുമണി മുതലാണ് വിനോദസഞ്ചാര കേന്ദ്രമായ വർക്കല ക്ലിഫിൽ വ്യാപകമായ പരിശോധന ആരംഭിച്ചത്.
വിവിധ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വലിയ ശേഖരം പിടിച്ചെടുക്കാൻ പോലീസിന് സാധിച്ചു. ലഹരി ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതുമായി ബന്ധപ്പെട്ട് നാല് പേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു.
വർക്കല കായിക്കര ആശാൻ സ്മാരകത്തിന് സമീപം താമസിക്കുന്ന സെൽവൻ (32), വർക്കല നെടുങ്കണ്ട കുളങ്ങര ഹൗസിൽ റിജു (50), വർക്കല കണ്വാശ്രമം സ്വദേശി കുന്നിൽ ചരുവിള വീട്ടിൽ ഷറഫുദ്ദീൻ (40), ശ്രീനിവാസപുരം കല്ലുവിള വീട്ടിൽ സന്തോഷ് കുമാർ (43) എന്നിവരാണ് പിടിയിലായത്.
ഇതിനോടനുബന്ധമായി അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. പ്രധാനമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള കടകളിലായിരുന്നു പരിശോധന കേന്ദ്രീകരിച്ചത്.
ചാവടിമുക്ക്, കോവൂർ എന്നീ പ്രദേശങ്ങളിലെ കടകളിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തതായി അയിരൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) വ്യക്തമാക്കി. ഈ മേഖലകളിൽ കർശനമായ നിരീക്ഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

