ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ, ഇറാൻറെ മിസൈൽ, ഡ്രോൺ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക സൈനിക നടപടി സ്വീകരിച്ചു. മേഖലയിൽ നാവിഗേഷൻ സുരക്ഷ ഉറപ്പാക്കുന്നതിൻറെ ഭാഗമായാണ് യുഎസ് പ്രതിരോധ സേന പ്രത്യാക്രമണം നടത്തിയത്.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ഭീമൻ ചരക്ക് കപ്പലിനെ ലക്ഷ്യമാക്കി ഇറാൻ നാല് ഡ്രോണുകൾ വിക്ഷേപിച്ചതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. ഇതിൽ ഒരു ഡ്രോൺ കപ്പലിൽ പതിക്കുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
ശേഷിച്ച മൂന്ന് ഡ്രോണുകൾ തകർത്തതായും ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. സിംഗപ്പൂർ പതാക ഘടിപ്പിച്ച കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഒമാൻ തീരത്തിന് തെക്കുകിഴക്കായി കപ്പലിന് കേടുപാടുകൾ സംഭവിച്ച കാര്യം യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിലെ സുരക്ഷാ ഭീഷണികൾക്കിടെ, തങ്ങൾ നിശ്ചയിക്കുന്ന റൂട്ടിലൂടെ അല്ലാത്ത യാത്രകൾക്ക് ഇൻഷുറൻസോ സുരക്ഷാ ഉറപ്പുകളോ ലഭിക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
തുടർന്ന് നാവിക ഇടനാഴി അടച്ചതും പ്രതിസന്ധി വർധിപ്പിച്ചു. നിയന്ത്രണങ്ങൾ ലംഘിക്കുന്ന കപ്പലുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിൻറെ പൂർണ്ണ ഉത്തരവാദിത്തം കപ്പലുടമകൾക്കും കമാൻഡർമാർക്കുമായിരിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
ഏകദേശം 130 കപ്പലുകൾക്ക് ഒരേസമയം കടന്നുപോകാൻ കഴിയുന്ന പാത സജീവമായാൽ മേഖലയിലെ തങ്ങളുടെ മേൽക്കോയ്മ നഷ്ടപ്പെടുമെന്ന ആശങ്കയാണ് ഇറാൻറെ കടുത്ത നിലപാടിന് പിന്നിലെന്നാണ് വിലയിരുത്തൽ. അതേസമയം, ഹോർമുസിലെ സൈനിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൻ്റെ ഭാഗമായി അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള ആശയവിനിമയ സംവിധാനം നിലവിൽ വന്നതായും റിപ്പോർട്ടുകളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

