തിരുവനന്തപുരം: വർക്കല മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ വെയ്റ്റിങ് ഷെഡിൽ വയോധികയെ അതീവ ഗുരുതരാവസ്ഥയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് വസ്ത്രങ്ങൾ ഇല്ലാത്ത നിലയിൽ ഒരു പുതപ്പ് മാത്രം പുതച്ച് അവശയായ അവസ്ഥയിൽ ഇവരെ പ്രദേശവാസികളും ബസ് ജീവനക്കാരും ശ്രദ്ധിച്ചത്.
നാട്ടുകാർ വിവരം തിരക്കിയെങ്കിലും ഓർമക്കുറവ് മൂലം കൃത്യമായ മറുപടി ലഭിച്ചില്ല. താൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നെന്നും, ആരെങ്കിലും തന്നെ ഓട്ടോറിക്ഷയിൽ എത്തിച്ച് ഇവിടെ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് വയോധിക പറഞ്ഞത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇടവ വെറ്റക്കട കുഞ്ചാംപ്ളാകം സ്കൂളിന് സമീപം താമസിക്കുന്നയാളാണ് ഇവരെന്ന് തിരിച്ചറിഞ്ഞു.
കാലിൽ മുറിവുകളോടെ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് ഇവരെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വിവരം ഇടവ ഗ്രാമപഞ്ചായത്ത് അധികൃതരെയും അറിയിച്ചിട്ടുണ്ട്.
നേരത്തെ കടത്തിണ്ണകളിൽ അന്തിയുറങ്ങിയിരുന്ന ഇവർ പഞ്ചായത്തിന്റെ സംരക്ഷണത്തിലായിരുന്നു. കാലിലെ പരിക്കിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായാണ് ഇവരെ നേരത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്.
ആശുപത്രിയിൽ നിന്ന് ഇവർ എങ്ങനെയാണ് വർക്കല ബസ് സ്റ്റാൻഡിൽ എത്തിയത് എന്നത് സംബന്ധിച്ച് ഗൗരവമായ അന്വേഷണം നടത്തുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

