പെട്രോളിൽ എഥനോൾ ചേർത്തുള്ള ഇ20 ഇന്ധന പദ്ധതിക്ക് പിന്നാലെ, ഡീസലിലും ബയോഫ്യൂവൽ ഉപയോഗപ്പെടുത്താനുള്ള നിർണായക ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ. ഇതിന്റെ പ്രാരംഭഘട്ട
പരീക്ഷണങ്ങൾക്കായി ടാറ്റ മോട്ടോഴ്സിന്റെ വാണിജ്യ വാഹനങ്ങൾ ഉപയോഗപ്പെടുത്താൻ തീരുമാനമായി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡുമായി (HPCL) സഹകരിച്ചാണ് ഈ പുതിയ സംരംഭം നടപ്പിലാക്കുന്നത്.
ഇന്ത്യൻ വാണിജ്യ വാഹന വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിതുറക്കുന്ന ഈ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ വർഷം അവസാനത്തോടെ ഉണ്ടാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള സൂചനകൾ. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഡീസലിനൊപ്പം 2 ശതമാനം ഐസോബ്യൂട്ടനോൾ കലർത്തിയാണ് പരീക്ഷണം നടത്തുന്നത്.
നിലവിലെ വാഹനങ്ങളുടെ എൻജിനിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെ തന്നെ ഈ മിശ്രിതം ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. മികച്ച ജ്വലനക്ഷമത ഉറപ്പാക്കുന്നതിനും വാഹനങ്ങളിൽ നിന്നുള്ള പുക മലിനീകരണം ഗണ്യമായി കുറയ്ക്കുന്നതിനും പുതിയ ഇന്ധനക്കൂട്ടിലൂടെ സാധിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.
അതേസമയം, ഐസോബ്യൂട്ടനോളിന്റെ അളവ് രണ്ട് ശതമാനത്തിൽ കൂടുതൽ വർധിപ്പിക്കണമെങ്കിൽ എൻജിൻ സംവിധാനങ്ങളിൽ സാങ്കേതികമായ മാറ്റങ്ങൾ അനിവാര്യമാണ്. ഈ ലക്ഷ്യം മുൻനിർത്തി നിലവിലുള്ള എഥനോൾ ഉൽപാദന പ്ലാന്റുകൾ നവീകരിക്കേണ്ടതുണ്ട്.
ഇതിനായി വൻതോതിലുള്ള സാമ്പത്തിക നിക്ഷേപം ആവശ്യമായി വരും. ആഗോളതലത്തിൽ, അമേരിക്ക ഇതിനകം തന്നെ പെട്രോളിൽ ഐസോബ്യൂട്ടനോൾ കലർത്തി ഉപയോഗിച്ചു വരുന്നുണ്ട്.
മുൻകാലങ്ങളിൽ ഡീസലിൽ എഥനോൾ ചേർത്ത് പരീക്ഷണം നടത്താൻ ശ്രമങ്ങൾ നടന്നെങ്കിലും, സാങ്കേതികമായ തടസ്സങ്ങൾ നേരിട്ടതിനെ തുടർന്ന് ആ പദ്ധതികൾ ഉപേക്ഷിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

