തിരുവനന്തപുരം നഗരസഭയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപി ഭരണത്തിന് യാതൊരു ഭീഷണിയുമില്ലെന്നും, അടുത്ത അഞ്ചു വർഷത്തേക്ക് പാർട്ടി സുരക്ഷിതമാണെന്നും മേയർ വിവി രാജേഷ് വ്യക്തമാക്കി. നഗരസഭയിൽ എൽഡിഎഫ്-ബിജെപി കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മാസം 29-ന് കൗൺസിൽ യോഗം ചേരുമെന്നും പ്രതിപക്ഷം കൊണ്ടുവരുന്ന ഏത് അവിശ്വാസ പ്രമേയത്തെയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ഡെപ്യൂട്ടി മേയറുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വിശദീകരിച്ച അദ്ദേഹം, കാലിന് ഡിസ്ലോക്കേഷൻ സംഭവിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഡെപ്യൂട്ടി മേയർ രാത്രിയോടെ ഡിസ്ചാർജ് ആയതായി വ്യക്തമാക്കി.
കോർപറേഷൻ ഓഫീസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള പ്രതിഷേധങ്ങൾ അനുവദിക്കില്ലെന്ന് വിവി രാജേഷ് കടുപ്പിച്ചു പറഞ്ഞു. “കൗൺസിലർമാർ അല്ലാത്ത പൊതുപ്രവർത്തകർ നഗരസഭയ്ക്ക് ഉള്ളിൽ കയറി സമരം ചെയ്യരുത്” എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങളിൽ ഫോറൻസിക് പരിശോധനയും ഓഡിറ്റിംഗും വേണമെന്ന ആവശ്യം ചീഫ് സെക്രട്ടറിയെ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ജയിലിൽ കഴിയുന്ന കൗൺസിലർ ആർ. സുഗതന്റെ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്ന് മേയർ വ്യക്തമാക്കി.
സുഗതനെതിരായ കാപ്പ നടപടികൾക്ക് ആഭ്യന്തര സെക്രട്ടറി അംഗീകാരം നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം 14 ദിവസത്തിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്.
ഇതിനായി വീണ്ടും സത്യപ്രതിജ്ഞയ്ക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. അതേസമയം, പുനർസത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്നാരോപിച്ച് സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്.
യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടെങ്കിലും, എൽഡിഎഫും യുഡിഎഫും ഒത്തുകളിക്കുകയാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. നഗരസഭയിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് വിവി രാജേഷ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

