വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സംസ്ഥാന സർക്കാരിനെതിരെ സിപിഎം നേതൃത്വം വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ, വിഷയത്തിൽ മുൻ എക്സൈസ് മന്ത്രിമാർ സ്വീകരിച്ച നടപടികൾ ചർച്ചയാകുന്നു.
പിണറായി സർക്കാരിന്റെ കാലത്ത് ബക്കാഡി കമ്പനിയുടെ അപേക്ഷയിൽ ഭരണതലത്തിൽ നടന്ന ഫയൽ നീക്കങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ബക്കാഡി കമ്പനി മദ്യം വിൽക്കാൻ അനുമതി തേടി ഒന്നാം പിണറായി സർക്കാരിനെ സമീപിച്ചിരുന്നു.
2017 ജൂൺ 6-ന് അന്നത്തെ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് കമ്പനി കത്ത് നൽകിയെങ്കിലും, മദ്യത്തിന്റെ വീര്യം കുറവാണെന്ന കാരണത്താൽ അന്ന് അനുമതി നിഷേധിക്കുകയായിരുന്നു.
തുടർന്ന്, രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 2021 സെപ്റ്റംബർ 17-ന് ബക്കാഡി വീണ്ടും എക്സൈസ് മന്ത്രിയായിരുന്ന എം.വി. ഗോവിന്ദന് അപേക്ഷ നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ വിദേശമദ്യ ചട്ടം ഭേദഗതി ചെയ്യുന്നതിനുള്ള നടപടികൾ 2021 നവംബർ 16-ന് ആരംഭിച്ചു. ഇതിനിടെ, എസ്ഡിഎഫ് ഇൻഡസ്ട്രീസ് എന്ന കമ്പനിയും 10– 20% വീര്യമുള്ള മദ്യം വിൽക്കാൻ അനുമതി തേടിയിരുന്നു.
2021 നവംബർ 29-ന് എം.വി. ഗോവിന്ദൻ ഫയലിൽ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: ‘ബക്കാഡി ഇന്ത്യ, എസ്ഡിഎഫ് ഇൻഡസ്ട്രീസ് എന്നിവ നൽകിയ അപേക്ഷകളും സമാനമായ മറ്റ് അപേക്ഷകളും ഒരുമിപ്പിച്ച്, വീര്യം കുറഞ്ഞ മദ്യത്തിനു വ്യക്തമായ നിർവചനം നൽകി വിശദമായ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കുക’.
2022 മാർച്ച് മാസത്തിൽ 0.5 – 20% വരെ വീര്യമുള്ള മദ്യത്തിന് അനുമതി നൽകിക്കൊണ്ട് സർക്കാർ മദ്യനയത്തിൽ ഭേദഗതി വരുത്തി. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനയ്ക്ക് വിദേശമദ്യ ചട്ടം ഭേദഗതി ചെയ്യണമെന്ന എക്സൈസ് കമ്മിഷണറുടെ ശുപാർശയും കരടും 2022 ജൂലൈ 25-ന് എം.വി.
ഗോവിന്ദൻ അംഗീകരിച്ചു. തുടർന്ന് എം.വി.
ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതിനെത്തുടർന്ന്, എം.ബി. രാജേഷ് എക്സൈസ് മന്ത്രിയായി ചുമതലയേറ്റു.
തുടർന്ന് വിവിധ വകുപ്പുകളുടെയും നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെയും അംഗീകാരം ലഭിച്ചതിനെത്തുടർന്ന്, 2023 ജനുവരി 6-ന് എം.ബി. രാജേഷ് ഭേദഗതി ചെയ്ത വിദേശമദ്യ ചട്ടം അംഗീകരിക്കുകയും ഉത്തരവിറക്കാൻ അനുമതി നൽകുകയും ചെയ്തു.
നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഈ രേഖകൾ ഉയർത്തിക്കാട്ടിയാണ് ഭരണപക്ഷത്തെ നേരിട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

