ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ കരുത്തരായ ജർമ്മനിയെ അട്ടിമറിച്ച് ഇക്വഡോർ തങ്ങളുടെ നോക്കൗട്ട് സാധ്യതകൾ സജീവമാക്കി. ആവേശകരമായ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇക്വഡോർ ജർമ്മനിയെ പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ 77-ാം മിനിറ്റിൽ ഗോൺസാലോ പ്ലാറ്റ നേടിയ ഗോളാണ് ഇക്വഡോറിന് നിർണ്ണായക വിജയവും നോക്കൗട്ട് യോഗ്യതയും സമ്മാനിച്ചത്. മത്സരത്തിന്റെ തുടക്കം മുതൽ ജർമ്മനി ആധിപത്യം പുലർത്തിയിരുന്നു.
രണ്ടാം മിനിറ്റിൽ തന്നെ ലെറോയ് സാനെയിലൂടെ ജർമ്മനി ആദ്യ ഗോൾ നേടി മുന്നിലെത്തി. എന്നാൽ, ഒമ്പതാം മിനിറ്റിൽ നിൽസൺ അങ്കുലോയിലൂടെ ഇക്വഡോർ തിരിച്ചടിച്ചു.
സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ മത്സരത്തിന്റെ 77-ാം മിനിറ്റിലാണ് പ്ലാറ്റയിലൂടെ ഇക്വഡോർ വിജയഗോൾ കണ്ടെത്തിയത്. പെഡ്രോ വൈറ്റിന്റെ കോർണർ കിക്കിൽ നിന്ന് വന്ന പന്ത് കെവിൻ റോഡ്രിഗസ് ഹെഡ് ചെയ്ത് നൽകിയപ്പോൾ, പ്ലാറ്റ കൃത്യമായ ടച്ചിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
ജർമ്മനിയുടെ ഗോൾവലയ്ക്ക് മുന്നിൽ 40-കാരനായ മാനുവൽ നോയർ ഉണ്ടായിരുന്നിട്ടും ഇക്വഡോർ മുന്നേറ്റത്തെ തടയാനായില്ല. 2013-ന് ശേഷം ഒരു യൂറോപ്യൻ ടീമിനെതിരെ ഇക്വഡോർ നേടുന്ന ആദ്യ വിജയം കൂടിയാണിത്.
2006-ന് ശേഷം ആദ്യമായാണ് ഇക്വഡോർ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിക്കുന്നത്. ഈ പരാജയത്തോടെ ജർമ്മനിയുടെ തുടർച്ചയായ 11 വിജയങ്ങളുടെ കുതിപ്പാണ് അവസാനിച്ചത്.
ഗ്രൂപ്പ് ഇയിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ജർമ്മനി നേരത്തെ തന്നെ നോക്കൗട്ട് ഉറപ്പിച്ചിരുന്നു. തിങ്കളാഴ്ച ഫോക്സ്ബറോയിൽ വെച്ചാണ് ജർമ്മനിയുടെ നോക്കൗട്ട് മത്സരം നടക്കുന്നത്.
അതേസമയം, മറ്റൊരു മത്സരത്തിൽ ഐവറി കോസ്റ്റ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ക്യുറസാവോയെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ഐവറി കോസ്റ്റും നോക്കൗട്ട് ഉറപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

