നിയമസഭാ സമ്മേളനത്തിനിടെയുണ്ടായ ദൃശ്യങ്ങൾ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി പാറശ്ശാല എംഎൽഎ സി കെ ഹരീന്ദ്രൻ രംഗത്തെത്തി. സഭയിലെ മണിക്കൂറുകൾ നീണ്ട
നടപടികൾക്കിടയിലെ ഏതാനും നിമിഷങ്ങൾ മാത്രം അടർത്തിയെടുത്ത്, താൻ സഭയിൽ ഉറങ്ങിയെന്ന രീതിയിൽ ചിലർ പരിഹാസരൂപേണ പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും സംഭവത്തിന്റെ സത്യാവസ്ഥയെക്കുറിച്ചും എംഎൽഎ ഫേസ്ബുക്കിലൂടെ വിശദീകരിച്ചു.
ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ ഒരാഴ്ചയായി നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു താനെന്നും, ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിരുന്നെങ്കിലും ബജറ്റ് ചർച്ചയിലെ പ്രാധാന്യം കണക്കിലെടുത്ത് സഭയിൽ എത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഭയിൽ എത്തിയ അന്ന് ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയും പാറശാല മണ്ഡലവുമായി ബന്ധപ്പെട്ട
വിഷയങ്ങൾ സഭയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. ഈ കാര്യങ്ങൾ മറച്ചുവെച്ച്, ശാരീരിക ക്ഷീണം പ്രകടമായ നിമിഷങ്ങൾ മാത്രം പ്രചരിപ്പിക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയ നീക്കമാണെന്ന് അദ്ദേഹം വിമർശിച്ചു.
അദ്ദേഹത്തിന്റെ കുറിപ്പിലെ പ്രസക്ത ഭാഗം ഇപ്രകാരം:
“കഴിഞ്ഞ ദിവസം നിയമസഭാ സമ്മേളനത്തിനിടെയുള്ള ഏതാനും സെക്കൻഡുകളുടെ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടു. രോഗാവസ്ഥയിൽ നിന്നുള്ള ശാരീരിക ക്ഷീണം ഒരു യാഥാർത്ഥ്യമാണ്.
അതിനെ മനുഷ്യത്വപരമായി കാണുന്നതിന് പകരം പരിഹാസത്തിനും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കുമായി ഉപയോഗിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന് ചേർന്നതല്ല. ഒരു മനുഷ്യന്റെ ആരോഗ്യപ്രശ്നങ്ങളെ പോലും രാഷ്ട്രീയ ആയുധമാക്കേണ്ടിവരുന്നത് നമ്മുടെ പൊതുസമൂഹം ഗൗരവമായി വിലയിരുത്തേണ്ട
വിഷയമാണ്.” പൊതുപ്രവർത്തകരെ വിമർശിക്കുന്നത് സ്വാഭാവികമാണെങ്കിലും, അത് വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും എംഎൽഎ ഓർമ്മിപ്പിച്ചു. തന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ തുടർന്നും ആത്മാർത്ഥതയോടെ നിർവഹിക്കുമെന്ന ഉറപ്പോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

