നാല് പതിറ്റാണ്ടുകൾക്ക് ശേഷം കനിഷ്ക വിമാന ദുരന്തത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ച നിർണ്ണായക വെളിപ്പെടുത്തലുമായി കാനഡ. 1985 ജൂൺ 23-ന് നടന്ന എയർ ഇന്ത്യ വിമാന സ്ഫോടനത്തിന് പിന്നിൽ ഖാലിസ്ഥാൻ തീവ്രവാദികളാണെന്ന് കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് ആദ്യമായാണ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.
329 പേരുടെ മരണത്തിനിടയാക്കിയ ഈ ഭീകരാക്രമണം ആസൂത്രണം ചെയ്തത് കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ഭീകരരാണെന്ന ഇന്ത്യയുടെ ദീർഘകാല നിലപാടിനെ സാധൂകരിക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ. ദുരന്തത്തിന്റെ പശ്ചാത്തലം
ടൊറന്റോയിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തിയിരുന്ന ബോയിംഗ് 747 വിമാനമായ എയർ ഇന്ത്യയുടെ ‘എമ്പറർ കനിഷ്ക’ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ വെച്ചാണ് തകർന്നത്.
ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് 45 മിനിറ്റ് മുമ്പ്, ലഗേജ് കമ്പാർട്ട്മെന്റിൽ ഒളിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 329 പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു.
സമുദ്രത്തിൽ നിന്ന് 131 മൃതദേഹങ്ങൾ മാത്രമാണ് പിന്നീട് വീണ്ടെടുക്കാൻ സാധിച്ചത്. ഖാലിസ്ഥാൻ സംഘടനയായ ബബ്ബർ ഖൽസയാണ് ആക്രമണത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ഓപ്പറേഷൻ ബ്ലൂസ്റ്റാറിനോടുള്ള പ്രതികാരം
അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ ഒളിച്ചിരുന്ന സിഖ് വിഘടനവാദി നേതാവ് ജർണയിൽ സിംഗ് ഭിന്ദ്രൻവാലയെയും അനുയായികളെയും പുറത്താക്കാൻ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടപ്പിലാക്കിയ ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ എന്ന സൈനിക നടപടിയോടുള്ള പ്രതികാരമായാണ് ഈ ഭീകരകൃത്യം അരങ്ങേറിയത്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ദാരുണമായ ഈ സംഭവത്തെ ഭീകരാക്രമണ ഇരകളുടെ ദേശീയ അനുസ്മരണ ദിനമായി കനേഡിയൻ സർക്കാർ പിന്നീട് പ്രഖ്യാപിച്ചിരുന്നു.
നയതന്ത്ര മാറ്റങ്ങളും നിലപാടും
തുടക്കകാലങ്ങളിൽ ഈ ദുരന്തത്തെ ‘ഇന്ത്യൻ പ്രശ്നം’ എന്ന രീതിയിൽ മാത്രമാണ് കാനഡ കണ്ടിരുന്നത്. എന്നാൽ 2010-ൽ മുൻ സുപ്രീം കോടതി ജസ്റ്റിസ് ജോൺ മേജറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ സുരക്ഷാ ഏജൻസികളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകൾ പുറത്തുവരികയും അന്നത്തെ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ മാപ്പ് അപേക്ഷിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ കടുത്ത പ്രതിസന്ധികളുണ്ടായിരുന്നു. ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കാനഡ സുരക്ഷിത താവളമൊരുക്കുന്നുവെന്ന ഇന്ത്യയുടെ ശക്തമായ പരാതികൾ നിലനിൽക്കെയാണ് പുതിയ വെളിപ്പെടുത്തൽ.
2025 മാർച്ചിൽ മാർക്ക് കാർണി കാനഡയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ പുരോഗതി ദൃശ്യമായിട്ടുണ്ട്. ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും, രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമായ ഈ ദുരന്തത്തെ ഗൗരവത്തോടെ കാണുന്നുവെന്നും പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

