കൊല്ലം നഗരത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുകയാണ്. പൊലീസിന്റെയും ഡാൻസാഫ് (DANSAF) സംഘത്തിന്റെയും കർശനമായ പരിശോധനകൾക്കിടയിലും ലഹരി മരുന്ന് എത്തിക്കാൻ വിപുലമായ തന്ത്രങ്ങളാണ് മാഫിയാ സംഘങ്ങൾ പയറ്റുന്നത്.
എങ്കിലും, പൊലീസിന്റെ ശക്തമായ ഇടപെടലുകൾ ലഹരി മാഫിയയെ വല്ലാതെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പരിശോധനകൾക്കിടെ ലഹരി ഉപയോഗിക്കുന്നവരുടെ വാട്സാപ് സന്ദേശങ്ങൾ വരെ പൊലീസിന് ലഭിച്ചു.
“ഡേയ്, സാധനം ഒട്ടുമില്ല. ഇത്തിരിയെങ്കിലും കിട്ടാൻ വഴിയുണ്ടോ” എന്നടക്കമുള്ള സന്ദേശങ്ങൾ ലഹരിക്ഷാമം രൂക്ഷമാണെന്നതിന്റെ തെളിവാണ്.
നഗരത്തിൽ അടുത്തിടെ നടന്ന രണ്ട് സംഭവങ്ങൾ ലഹരി കടത്തുകാരുടെ രീതികൾ വ്യക്തമാക്കുന്നതാണ്. തേവള്ളി പാലത്തിനു സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട
പള്ളിത്തോട്ടം കോളനി സ്വദേശിയായ യുവാവിനെ ഡാൻസാഫ് സംഘം പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവ് ശരീരത്തിൽ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
ഇയാളെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നടപടികൾ സ്വീകരിച്ചു. മറ്റൊരു സംഭവത്തിൽ, ഡിസിസി ഓഫിസ് പരിസരത്തുനിന്ന് ബീച്ചിലേക്ക് പോകുന്ന റോഡിൽ ബൈക്കിലെത്തിയ വടക്കേവിള സ്വദേശിയായ നാൽപത്തിയെട്ടുകാരനെ പൊലീസ് പിന്തുടർന്ന് പിടികൂടി.
നിർത്താതെ ഓടിച്ച ബൈക്ക് തടയുന്നതിനായി ഡാൻസാഫ് സംഘത്തിന് ബൈക്കിൽ ഇടിക്കേണ്ടി വന്നു. ഇയാളിൽ നിന്ന് 250 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ലഹരി കടത്തിലെ പുതിയ വഴികൾ
ഒഡീഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ട്രെയിൻ മാർഗം എത്തിക്കുന്ന കഞ്ചാവ്, ശാസ്ത്രാംകോട്ട, കരുനാഗപ്പള്ളി തുടങ്ങിയ കേന്ദ്രങ്ങളിൽ ഇടനിലക്കാർ വഴിയാണ് വിതരണം ചെയ്യുന്നത്. ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് രാസലഹരികളും ഇതേ രീതിയിൽ പ്രത്യേക കേന്ദ്രങ്ങളിലെത്തിക്കുന്നു.
കൂടാതെ, കുറിയർ സേവനം വഴിയും ലഹരി കടത്തുന്നുണ്ട്. കളിപ്പാട്ടങ്ങൾക്കുള്ളിൽ ഒളിപ്പിച്ചാണ് ഇവ അയയ്ക്കുന്നത്.
കാനഡയിൽ നിന്ന് ഇൻഡോർ വഴി കൊല്ലത്തെത്തിയ രാസലഹരി പാക്കറ്റുകളിൽ വ്യാജ വിലാസങ്ങൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പൊലീസിന്റെ ശക്തമായ സാന്നിധ്യം മൂലം ലഹരി ഇടപാടുകൾ കുറഞ്ഞതോടെ, താൽക്കാലികമായി മറ്റു തൊഴിലുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ് ചില കച്ചവടക്കാർ.
‘ഓപ്പറേഷൻ തൂഫാൻ’ അവസാനിക്കുമ്പോൾ വീണ്ടും സജീവമാകാമെന്ന കണക്കുകൂട്ടലിലാണ് ഇവരെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

