നെടുമങ്ങാട് കരകുളം പഞ്ചായത്തിലെ പുരവൂർക്കോണം പ്രദേശത്ത് അതിർത്തിയിലെ തെങ്ങിനെച്ചൊല്ലി രണ്ട് അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. വർഷങ്ങളായി തുടരുന്ന നിയമപോരാട്ടത്തിൽ ഹൈക്കോടതി അന്തിമ തീർപ്പ് കൽപിച്ചെങ്കിലും, ഇരുവിഭാഗങ്ങളും തമ്മിലുള്ള അസ്വാരസ്യം ഇനിയും പൂർണ്ണമായി അവസാനിച്ചിട്ടില്ല.
ഈ സാഹചര്യത്തിൽ, വിഷയം സൗഹൃദപരമായി പരിഹരിക്കുന്നതിനായി മധ്യസ്ഥശ്രമങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കരകുളം പഞ്ചായത്ത് അധികൃതർ. പ്രശ്നം സമാധാനപരമായി പരിഹരിക്കുന്നതിന്റെ ഭാഗമായി, ഇരുവിഭാഗവും ‘ഒരുമിച്ച് ചായ കുടിച്ച്’ തർക്കങ്ങൾ അവസാനിപ്പിക്കണമെന്ന നിർദ്ദേശമാണ് ഹൈക്കോടതി മുന്നോട്ടുവെച്ചത്.
കോടതിയുടെ ഈ നിർദ്ദേശത്തെ പൂർണ്ണമായും മാനിക്കുന്നതായി തെങ്ങിന്റെ ഉടമ വ്യക്തമാക്കി. എന്നാൽ, ഹർജിക്കാരനായ അയൽവാസിയുടെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണമൊന്നും ലഭ്യമായിട്ടില്ല.
തന്റെ പറമ്പിലെ തെങ്ങിൽ നിന്ന് അയൽവാസിയുടെ പുരയിടത്തിലേക്ക് തേങ്ങയോ ഓലയോ വീണ് നാശനഷ്ടങ്ങൾ സംഭവിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ഈ പരാതി വർഷങ്ങളായി വിവിധ തലങ്ങളിൽ ചർച്ചയായിരുന്നുവെന്ന് തെങ്ങിന്റെ ഉടമ ചൂണ്ടിക്കാട്ടുന്നു.
പഞ്ചായത്ത്, തദ്ദേശസ്ഥാപന ഓംബുഡ്സ്മാൻ, ആർഡിഒ, മുഖ്യമന്ത്രിയുടെ അദാലത്ത് തുടങ്ങി വിവിധ വേദികളിൽ പരാതിയെത്തിയെങ്കിലും പരിഹാരമുണ്ടായില്ല. അയൽവാസിയുടെ പുരയിടത്തിലേക്ക് തേങ്ങ വീഴാതിരിക്കാൻ തെങ്ങിന് മുകളിൽ ഇരുമ്പുകൊണ്ട് സുരക്ഷാകൂട് നിർമ്മിച്ചതായും ഉടമ പറയുന്നു.
കൂട് തുറന്നാൽ മാത്രമേ തെങ്ങുകയറ്റക്കാർക്ക് മുകളിലേക്ക് കയറാൻ സാധിക്കൂ. കൂടാതെ, മാസാമാസം ഓല വെട്ടിമാറ്റുകയും കമ്പി ഉപയോഗിച്ച് തെങ്ങ് സ്വന്തം പറമ്പിലേക്ക് വലിച്ച് കെട്ടുകയും ചെയ്തിട്ടുണ്ട്.
ഇത്തരം മുൻകരുതലുകൾ എടുത്തിട്ടും പ്രശ്നം അവസാനിക്കാത്ത സാഹചര്യത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിൽ പ്രതീക്ഷയർപ്പിക്കുകയാണ് പ്രദേശവാസികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

