അന്ത്യോദയ അന്നയോജന (എഎവൈ) പദ്ധതി പ്രകാരം നൽകി വരുന്ന ഭക്ഷ്യധാന്യ വിതരണ രീതിയിൽ നിർണ്ണായകമായ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. നിലവിൽ മഞ്ഞ റേഷൻ കാർഡ് ഉടമകളായ എല്ലാ കുടുംബങ്ങൾക്കും അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ പ്രതിമാസം 35 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിക്കുന്ന രീതിയാണ് പരിഷ്കരിക്കാൻ ഉദ്ദേശിക്കുന്നത്.
2013 ലെ ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്തുകൊണ്ട് പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കാനാണ് തീരുമാനം. പുതിയ നിർദ്ദേശപ്രകാരം ഓരോ കുടുംബത്തിലെയും അംഗങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയായിരിക്കും ഭക്ഷ്യധാന്യം അനുവദിക്കുക.
ഇതിൽ ഒരംഗത്തിന് 7 കിലോഗ്രാം വീതം ഭക്ഷ്യധാന്യം ലഭ്യമാക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി. കുടുംബത്തിന് ലഭിക്കാവുന്ന പരമാവധി വിഹിതം 35 കിലോയായി തുടരുമെങ്കിലും, അഞ്ചിൽ താഴെ അംഗങ്ങളുള്ള കുടുംബങ്ങൾക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവിൽ കുറവുണ്ടാകും.
ഉദാഹരണത്തിന്, 2 അംഗങ്ങളുള്ള ഒരു കുടുംബത്തിന് നിലവിൽ ലഭിച്ചിരുന്ന 35 കിലോ എന്ന സ്ഥാനത്ത് ഭാവിയിൽ 14 കിലോ ഭക്ഷ്യധാന്യം മാത്രമേ ലഭിക്കൂ. ഈ മാറ്റം കേരളം പോലുള്ള അണുകുടുംബങ്ങൾ കൂടുതലായുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
നിലവിൽ അന്ത്യോദയ പദ്ധതിയിൽ കുടുംബങ്ങളുടെ വലുപ്പവുമായി ബന്ധപ്പെട്ട് അസമത്വം നിലനിൽക്കുന്നുണ്ടെന്നും, ചെറിയ കുടുംബങ്ങൾക്ക് കൂടുതൽ അളവ് ലഭിക്കുമ്പോൾ വലിയ കുടുംബങ്ങളിലെ പ്രതിശീർഷ വിഹിതം കുറയുന്നുണ്ടെന്നുമാണ് കേന്ദ്രസർക്കാരിന്റെ വാദം. പിങ്ക് റേഷൻ കാർഡ് (മുൻഗണനാ വിഭാഗം) ഉടമകൾക്ക് ലഭിക്കുന്നതിനേക്കാൾ അളവ് കുറവ് പലപ്പോഴും വലിയ അന്ത്യോദയ കുടുംബങ്ങളിലെ അംഗങ്ങൾക്ക് ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഭേദഗതിയെന്ന് അധികൃതർ വിശദീകരിക്കുന്നു.
എങ്കിലും, വലിയ കുടുംബങ്ങളിൽ ഉയർന്ന പ്രതിശീർഷ അളവ് ഉറപ്പാക്കാൻ ലക്ഷ്യമിടുന്നുണ്ടെങ്കിൽ, 5 പേരിൽ കൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങൾക്കുള്ള അളവ് 35 കിലോയായി പരിമിതപ്പെടുത്തിയത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയരുന്നുണ്ട്. ഇത് അന്ത്യോദയ വഴി നൽകുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് വെട്ടിക്കുറയ്ക്കാനുള്ള നീക്കമാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
അന്ത്യോദയ അന്നയോജന (എഎവൈ) സംബന്ധിച്ച ചില വിവരങ്ങൾ:
ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്കു ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിനായി 2000 ഡിസംബറിൽ ആരംഭിച്ച പദ്ധതിയാണിത്. നിലവിൽ രാജ്യത്തുടനീളം 7.76 കോടി ഗുണഭോക്താക്കൾ ഈ പദ്ധതിയുടെ കീഴിലുണ്ട്.
കേരളത്തിൽ 19.31 ലക്ഷം കുടുംബങ്ങളാണ് ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

