കൽപറ്റ നഗരത്തിലെ രൂക്ഷമായ ഗതാഗത പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി നഗരസഭ പ്രാരംഭ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട
വകുപ്പുകളുടെ ഏകോപന യോഗം കഴിഞ്ഞ ദിവസം ചേർന്നു. പൊലീസ്, മോട്ടർവാഹന വകുപ്പ്, ദേശീയപാത വിഭാഗം, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവയിലെ ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്.
നഗരത്തിലെ പ്രധാന ഗതാഗത തടസ്സങ്ങളായ അനധികൃത പാർക്കിങ്, നടപ്പാതകളിലെ കയ്യേറ്റങ്ങൾ, പോക്കറ്റ് റോഡുകളിലെ തിരക്ക്, ചരക്ക് വാഹനങ്ങളുടെ നഗരത്തിലൂടെയുള്ള യാത്ര തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ഗൗരവമായി ചർച്ച ചെയ്തു. ഗതാഗത നിയന്ത്രണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള പുതിയ നിർദേശങ്ങളും അധികൃതർ പരിശോധിക്കുന്നുണ്ട്.
വരുംദിവസങ്ങളിൽ വ്യാപാരികളുമായും ചർച്ചകൾ നടത്തും. ഇവയിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് ട്രാഫിക് അഡ്വൈസറി ബോർഡ് യോഗം ചേർന്ന ശേഷമായിരിക്കും നഗരത്തിൽ പുതിയ ഗതാഗത പരിഷ്കരണങ്ങൾ നടപ്പിലാക്കുക.
നഗരത്തിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് ഉയർന്നു വന്ന അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ചാണ് ഈ ഇടപെടൽ. തിരക്കേറിയ ചുങ്കം ജംക്ഷനിൽ ഓട്ടമാറ്റിക് ട്രാഫിക് സിഗ്നൽ സംവിധാനം സ്ഥാപിക്കണമെന്നത് പൊതുജനങ്ങളിൽ നിന്ന് ഉയർന്ന പ്രധാന ആവശ്യമാണ്.
നാൽക്കവലയായ ഇവിടെ ദിവസവും രാവിലെയും വൈകിട്ടും ഗതാഗതം സ്തംഭിക്കുന്നത് പതിവാണ്. പിണങ്ങോട് റോഡ്, ദേശീയപാത, പോക്കറ്റ് റോഡുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഒരേസമയം ജംക്ഷനിലെത്തുന്നതാണ് ഇവിടെ പ്രതിസന്ധി രൂക്ഷമാക്കുന്നത്.
മിനിറ്റുകൾക്കുള്ളിൽ തന്നെ ഈ ഗതാഗതക്കുരുക്ക് നഗരത്തിന്റെ മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്. ട്രാഫിക് സിഗ്നൽ സംവിധാനം നിലവിൽ വരുന്നത് തിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
കൂടാതെ, കൈനാട്ടി ജംക്ഷനിലെ സിഗ്നൽ സംവിധാനത്തിലെ അപാകതകൾ പരിഹരിക്കുക, പോക്കറ്റ് റോഡുകളിൽ വൺവേ സംവിധാനം ഏർപ്പെടുത്തുക, അനധികൃത പാർക്കിങ് കർശനമായി നിയന്ത്രിക്കുക തുടങ്ങിയ നിർദേശങ്ങളും പരിഗണനയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

