സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്ന 2024 – 25 വർഷത്തെ സിഎജി റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു. സർക്കാരിന്റെ സാമ്പത്തിക മാനേജ്മെന്റിലെ വീഴ്ചകൾ എണ്ണിപ്പറയുന്ന റിപ്പോർട്ടിൽ, ഓഫ്-ബജറ്റ് കടമെടുപ്പുകൾ വലിയ ബാധ്യതയായി മാറിയെന്ന് മുന്നറിയിപ്പ് നൽകുന്നു.
പ്രധാന കണ്ടെത്തലുകൾ:
സംസ്ഥാനത്തിന്റെ ഓഫ്-ബജറ്റ് കടബാധ്യത 39,230 കോടി രൂപയാണ്. ഇതിനുപുറമെ, തീർപ്പാക്കാത്ത ബാധ്യതയായി 3,511 കോടി രൂപ കൂടിയുണ്ട്.
കിഫ്ബി, പെൻഷൻ കമ്പനി തുടങ്ങിയവ വഴി എടുത്ത വായ്പകൾ സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെ കാര്യമായി ബാധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ദുരിതാശ്വാസ നിധിയിലെ ക്രമക്കേട്:
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 262.06 കോടി രൂപ സഞ്ചിത നിധിയിലേക്ക് ക്രമരഹിതമായി മാറ്റിയെന്നും സിഎജി കണ്ടെത്തി.
റവന്യു കമ്മിയും ധനക്കമ്മിയും കുറച്ചുകാണിക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ധനകാര്യ മാനേജ്മെന്റിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി റിപ്പോർട്ട് വിമർശിക്കുന്നു.
സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ:
റിപ്പോർട്ട് പ്രകാരം ആഭ്യന്തര ഉത്പാദനം 9.30 ശതമാനത്തിൽ നിന്ന് 9.97 ശതമാനമായി വർദ്ധിച്ചു. എന്നാൽ റവന്യു വരവിൽ 0.30 ശതമാനം മാത്രമാണ് വളർച്ച രേഖപ്പെടുത്തിയത്.
അതേസമയം, കേന്ദ്ര സഹായത്തിൽ 42 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. സർക്കാരിന്റെ ചെലവുകളിൽ 8.97 ശതമാനത്തിന്റെ വർദ്ധനവാണുള്ളത്.
റവന്യു ചെലവിന്റെ 64.40 ശതമാനവും വരവിന്റെ 80 ശതമാനവും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനായി നീക്കിവെക്കേണ്ടി വരുന്നുവെന്ന വസ്തുതയും റിപ്പോർട്ടിൽ എടുത്തുപറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

