കോട്ടയം പാക്കിൽ–ചിങ്ങവനം റോഡിൽ ബൈക്ക് യാത്രയ്ക്കിടെ പിതാവിനൊപ്പം സഞ്ചരിച്ചിരുന്ന പതിനൊന്നു വയസ്സുകാരന് ചക്ക തലയിൽ വീണു ഗുരുതരമായി പരിക്കേറ്റു. പരുത്തുംപാറ കുഴിക്കാട്ടുമറ്റം വീട്ടിൽ ഇ.ജെ.ഷിഹാബിന്റെ മകനും ഏഴാം ക്ലാസ് വിദ്യാർഥിയുമായ ജെ.എസ്.ഷാഹിദിനാണ് അപകടമുണ്ടായത്.
ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ആഘാതത്തിൽ കുട്ടിയുടെ കഴുത്തെല്ല് പൊട്ടിയിട്ടുണ്ട്. പാക്കിൽ കവലയ്ക്ക് സമീപമുള്ള പുറമ്പോക്കിലെ പ്ലാവിൽ നിന്നാണ് ചക്ക കുട്ടിയുടെ തലയിൽ പതിച്ചത്.
അപകടത്തിൽ ബോധരഹിതനായ കുട്ടിയെ ഉടൻ തന്നെ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗത്തിലേക്ക് മാറ്റി.
കുട്ടിക്ക് ഒന്നര മാസം പൂർണ വിശ്രമം വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. അപകടകരമായി നിൽക്കുന്ന ഈ പ്ലാവ് വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വർഷങ്ങളായി അധികൃതർക്ക് പരാതി നൽകിവരികയായിരുന്നു.
പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർക്കും നഗരസഭാ സെക്രട്ടറിക്കും ഇത് സംബന്ധിച്ച് പരാതികൾ നൽകിയിരുന്നു. എന്നാൽ, ട്രീ കമ്മിറ്റി യോഗം ചേർന്ന് തീരുമാനമെടുക്കണമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ മറുപടി.
ഈ പ്ലാവിൽ ഇപ്പോഴും 40–45 അടി ഉയരത്തിൽ നിരവധി ചക്കകൾ നിൽപ്പുണ്ട്. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന് നഗരസഭാംഗം ബിജു എസ്.കുമാർ ആരോപിച്ചു.
അടിയന്തരമായി മരം മുറിച്ചുമാറ്റി അപകടസാധ്യത ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

