പുൽപള്ളി: ജില്ലയിലെ വിവിധ അതിർത്തി ഗ്രാമങ്ങളിൽ ലഭ്യതക്കുറവിന്റെ മറവിൽ മാംസത്തിനും മത്സ്യത്തിനും അനിയന്ത്രിതമായി വില വർധിപ്പിക്കുന്നതായി പരാതി. ഉപഭോക്താക്കളെ പിഴിഞ്ഞ് വ്യാപാരികൾ തോന്നുംപടി വില നിശ്ചയിക്കുമ്പോൾ സാധാരണക്കാർക്ക് നിത്യോപയോഗ സാധനങ്ങൾ വാങ്ങാനാകാത്ത സ്ഥിതിയാണ്.
ഇറച്ചി വിപണിയിലെ തർക്കങ്ങളും വിലക്കയറ്റവും
നേരത്തെ 400 രൂപയായിരുന്ന ബീഫ് വില പെട്ടെന്ന് 430 രൂപയായി വർധിപ്പിച്ചപ്പോൾ ഉപഭോക്താക്കൾ ശക്തമായി പ്രതികരിക്കുകയും ഇതിനെത്തുടർന്ന് വില ഭാഗികമായി കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ വില കുറച്ചതിന് പകരമായി ഇറച്ചിയോടൊപ്പം വലിയ തോതിൽ എല്ല് കൂട്ടി നൽകാൻ വ്യാപാരികൾ തുടങ്ങിയത് വീണ്ടും തർക്കങ്ങൾക്ക് കാരണമായി.
ഇത് ചോദ്യം ചെയ്യപ്പെട്ടതോടെ എല്ല് പൂർണ്ണമായും ഒഴിവാക്കി ബീഫ് വില ഒറ്റയടിക്ക് 440 രൂപയായി ഉയർത്തുകയാണ് വ്യാപാരികൾ ചെയ്തത്. മുള്ളൻകൊല്ലി മേഖലയിലും സമാനമായ രീതിയിൽ വില വർധനവ് നടപ്പാക്കിയിരുന്നു.
ഇവിടെ ബീഫ് വില 400 രൂപയിൽ നിന്നും 430 രൂപയാക്കി വർധിപ്പിച്ചപ്പോൾ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ വലിയ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ താൽക്കാലികമായി കച്ചവടം നിർത്തിവെച്ച വ്യാപാരി, പിന്നീട് കട
തുറന്നപ്പോൾ വില 450 രൂപയായി വീണ്ടും ഉയർത്തി. എന്നാൽ ആദ്യം പ്രതിഷേധിച്ചവർ ഇപ്പോൾ തങ്ങളൊന്നും അറിഞ്ഞില്ലെന്ന ഭാവത്തിലാണ്.
ബീഫിന് പിന്നാലെ പന്നിയിറച്ചിക്കും വില വർധിപ്പിച്ചിട്ടുണ്ട്. പുൽപള്ളി മാർക്കറ്റിൽ ഒറ്റയടിക്ക് 40 രൂപ കൂട്ടി 440 രൂപയാക്കിയാണ് പന്നിയിറച്ചി വിൽക്കുന്നത്.
ചില മാർക്കറ്റുകളിൽ ബീഫ് എന്ന പേരിൽ ഗുണനിലവാരം കുറഞ്ഞ എരുമ, കാള എന്നിവയുടെ ഇറച്ചിയാണ് വിൽക്കുന്നതെന്നും ആരോപണമുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലികളുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് മാംസവില വർധിക്കാൻ കാരണമായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്.
മത്സ്യ വിപണിയിലെ ഇടനിലക്കാരുടെ ചൂഷണം
ട്രോളിങ് നിരോധനം ചൂണ്ടിക്കാട്ടിയാണ് മത്സ്യ വിപണിയിൽ നിലവിൽ കൊള്ളവില ഈടാക്കുന്നത്. എന്നാൽ നിരോധനത്തിന് മുൻപ് വലിയ തോതിൽ മത്സ്യലഭ്യത ഉണ്ടായിരുന്ന സമയത്തും വിപണിയിൽ തീവിലയായിരുന്നു.
ജില്ലയിലെത്തുന്ന മത്സ്യത്തിന്റെ വിതരണാവകാശം ചില പ്രത്യേക കുത്തകകൾ കൈയടക്കിവെച്ചിരിക്കുകയാണ്. ഇവരാണ് ദിവസേനയുള്ള മത്സ്യവില തീരുമാനിക്കുന്നത്.
ഗ്രാമീണ മേഖലകളിൽ മത്തിക്ക് പോലും ഇരട്ടി വിലയാണ് ഈടാക്കുന്നത്. ഇരുളം മത്സ്യ മാർക്കറ്റിലും യാതൊരു ന്യായീകരണവുമില്ലാത്ത വിലക്കയറ്റമാണ് അനുഭവപ്പെടുന്നതെന്ന് ഉപഭോക്താക്കൾ വ്യക്തമാക്കുന്നു.
കടുത്ത വേനൽ കാരണം പുഴകളിൽ വെള്ളമില്ലാത്തതിനാൽ ഇത്തവണ നാടൻ പുഴമീനുകളുടെ ലഭ്യതയും ഇല്ലാതായി. സാധാരണയായി ജൂൺ ആദ്യവാരം മുതൽ ജില്ലയിൽ പുഴ മത്സ്യങ്ങൾ ധാരാളമായി ലഭിക്കാറുള്ളതായിരുന്നു.
കടൽ മത്സ്യത്തോടൊപ്പം പുഴമീനുകളുടെ ക്ഷാമവും കൂടിയായതോടെ വിപണിയിലെ ചൂഷണം ഇരട്ടിയായി മാറിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

