2026 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നോക്കൗട്ട് റൗണ്ട് ലക്ഷ്യമിടുന്ന ബ്രസീലിയന്‍ ടീമിന് ആത്മവിശ്വാസം പകര്‍ന്ന് സൂപ്പര്‍ താരം നെയ്മറിന്റെ തിരിച്ചുവരവ്. ഗ്രൂപ്പ് സി-യിലെ അവസാന മത്സരത്തില്‍ സ്കോട്ട്ലന്‍ഡിനെതിരെ താരം കളത്തിലിറങ്ങുമെന്ന് മുഖ്യ പരിശീലകന് കാര്‍ലോ ആഞ്ചലോട്ടി ഔദ്യോഗികമായി അറിയിച്ചു.
കഴിഞ്ഞ മെയ് 17-ന് സാന്റോസിനായി കളിക്കുന്നതിനിടെയാണ് 34 വയസ്സുള്ള നെയ്മറിന് വലതു കാലില്‍ പരിക്കേറ്റത്. തുടര്‍ന്ന് മൊറോക്കോ, ഹെയ്തി എന്നിവര്‍ക്കെതിരായ മത്സരങ്ങള്‍ താരത്തിന് നഷ്ടമായിരുന്നു.
പരിക്കില്‍ നിന്ന് മുക്തനായി വരുന്ന താരം അടുത്തയാഴ്ച മുതല്‍ ടീമിനൊപ്പം പൂര്‍ണ്ണ പരിശീലനത്തില്‍ പങ്കുചേരുമെന്ന് ആഞ്ചലോട്ടി വ്യക്തമാക്കി. ”നെയ്മര്‍ നാളെ വ്യക്തിഗത പരിശീലനം നടത്തും, തിങ്കളാഴ്ച മുതല്‍ ടീമിനൊപ്പം ചേരും.
സ്കോട്ട്ലന്‍ഡിനെതിരായ മത്സരത്തില്‍ അദ്ദേഹത്തിന് കളിക്കാനാകും.” പരിശീലകന് വ്യക്തമാക്കി. പരിക്ക് ഭേദമാക്കുന്നതിന്റെ ഭാഗമായി ഈ ആഴ്ച താരം പ്രത്യേക മെഡിക്കല്‍ പരിശോധനകള്‍ക്കും പരിശീലന പരിപാടികള്‍ക്കും വിധേയനായിരുന്നു.
മൊറോക്കോയ്ക്കെതിരായ ആദ്യ മത്സരത്തില്‍ ടീമില്‍ ഇടംപിടിച്ചെങ്കിലും പകരക്കാരനായി പോലും അദ്ദേഹം കളത്തിലിറങ്ങിയിരുന്നില്ല. അതേസമയം, മുന്നേറ്റനിര താരം റഫീഞ്ഞയുടെ പരിക്കാണ് ടീമിന് പുതിയ ആശങ്കയാകുന്നത്.
ഹെയ്തിക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് താരത്തിന് ഹാംസ്ട്രിങ്ങിന് പരിക്കേറ്റത്. റഫീഞ്ഞയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതല്‍ മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷമേ വ്യക്തത വരികയുള്ളൂ എന്ന് ആഞ്ചലോട്ടി കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തേണ്ടതുണ്ട്. പരിക്കിന്റെ തീവ്രത ഇതുവരെ അറിവായിട്ടില്ല.’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

