കണ്ണൂർ വാണിയപ്പാറ ഇൻഫൻറ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയിൽ നിന്ന് കണ്ടെത്തിയ ഭൗതികാവശിഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. 38-ാം നമ്പർ കല്ലറയിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങൾ 2006-ലും 2015-ലും സംസ്കരിക്കപ്പെട്ട
രണ്ട് വ്യക്തികളുടേതാണെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. റോസമ്മയുടെ ഭൗതികദേഹം 2006-ലും ജയ്സൺ എന്ന വ്യക്തിയുടേത് 2015-ലും ഇതേ കല്ലറയിലാണ് അടക്കം ചെയ്തതെന്നാണ് നിലവിലെ കണ്ടെത്തൽ.
ഈ നിഗമനം ശാസ്ത്രീയമായി ഉറപ്പുവരുത്തുന്നതിനായി മരിച്ചവരുടെ അടുത്ത ബന്ധുക്കളെ വിളിച്ച് വരുത്തി മൊഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. സംഭവസ്ഥലത്തുനിന്നും ലഭിച്ച പ്ലാസ്റ്റിക് പായ, 2006-ൽ റോസമ്മയുടെ സംസ്കാര സമയത്ത് ഉപയോഗിച്ച ശവപ്പെട്ടിയോടൊപ്പം ഉണ്ടായിരുന്നതാണെന്ന് പോലീസ് സംശയിക്കുന്നു.
സംസ്കാര ചടങ്ങുകളുടെ ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇതിനുതകുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നിരുന്നാലും, ആദ്യത്തെ മൃതദേഹം നീക്കം ചെയ്യാതെ എങ്ങനെ രണ്ടാമതൊരു മൃതദേഹം കൂടി ഇതേ കല്ലറയിൽ അടക്കം ചെയ്തു എന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.
ഇതുമായി ബന്ധപ്പെട്ട് പള്ളി ഭാരവാഹികളിൽ നിന്ന് വിശദമായ മൊഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

