പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ. പ്രാദേശിക സമയം നാല് മുതൽ വെടിനിർത്തൽ നിലവിൽ വരുമെന്ന് റോയിട്ടേഴ്സ് അറിയിച്ചു.
അമേരിക്കയുടെയും ഖത്തറിന്റെയും നേതൃത്വത്തിലുള്ള നയതന്ത്ര ഇടപെടലുകളാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത്. അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരത്തിൽ ഇറാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഹോർമുസ് അതോറിറ്റിയുടെ നിർദേശപ്രകാരം, ഈ മേഖലയിലൂടെ കടന്നുപോകാൻ ഉദ്ദേശിക്കുന്ന കപ്പലുകൾ ഇനിമുതൽ മുൻകൂട്ടി അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. കപ്പലുകളുടെ സഞ്ചാരപാത ഉൾപ്പെടെയുള്ള വിവരങ്ങൾ 48 മണിക്കൂർ മുമ്പ് തന്നെ അധികൃതരെ അറിയിക്കണമെന്നാണ് നിർദേശം.
കടലിടുക്കിലെ മൈനുകളുടെ സാന്നിധ്യവും കൂട്ടിയിടി ഒഴിവാക്കാനുള്ള സുരക്ഷാ മുൻകരുതലുകളുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിന് പിന്നിലെന്ന് ഇറാൻ വ്യക്തമാക്കി. ഇസ്രായേൽ തീവ്ര വലതുപക്ഷ മന്ത്രി ഇതാമീർ ബെൻഗഫിർ ലേബനൻ ചുട്ടെരിക്കണം എന്ന പ്രസ്താവന നടത്തിയിരുന്നു.
ഇത് ഇറാനെ വലിയ തോതിൽ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിന് വേണ്ടത് സ്ഥിരമായ യുദ്ധമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി.
ഇതിനിടെ, ഇറാനെതിരെ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇറാൻ പൂർണ്ണമായും തകർന്നടിഞ്ഞെന്നും യുഎസിൽ നിന്ന് അവർക്ക് ഇനി നയാ പൈസ പോലും ലഭിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സമീപകാലത്തുണ്ടായ യുദ്ധം ഇറാന്റെ സൈനിക ശേഷിയെ പാടേ തകർത്തു തരിപ്പണമാക്കിയെന്നും നിലവിൽ അവർക്ക് വ്യോമസേനയോ നാവികസേനയോ പ്രധാന പ്രതിരോധ സംവിധാനങ്ങളോ അവശേഷിക്കുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച തുടർച്ചയായ കുറിപ്പുകളിലൂടെയാണ് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ വിമർശനങ്ങളെ തള്ളിക്കൊണ്ട് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

