കേരളത്തിലെ മാധ്യമരംഗത്തെ ശ്രദ്ധേയ സാന്നിധ്യവും കേരള കൗമുദിയുടെ മുൻ ഡെപ്യൂട്ടി എഡിറ്ററും ബ്യൂറോ ചീഫുമായിരുന്ന എൻ.ആർ.എസ്. ബാബു (എൻ.ആർ.
സുഭാഷ് ബാബു-84) അന്തരിച്ചു. കലാകൗമുദിയുടെ എഡിറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തിരുവനന്തപുരം പട്ടം വൃന്ദാവൻ കോളനിയിലുള്ള വസതിയിലായിരുന്നു അന്ത്യം. യുഎസിലുള്ള മകൻ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.
അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ വലിയ മാതൃകകൾ തീർത്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. 1973-ൽ വനം കുംഭകോണത്തെ ആസ്പദമാക്കി ബാബുവും അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ എസ്.
ജയചന്ദ്രൻ നായരും ചേർന്ന് കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ച ലേഖന പരമ്പര അക്കാലത്ത് വലിയ ചർച്ചയായിരുന്നു. ഈ അന്വേഷണ റിപ്പോർട്ടുകളുടെ തുടർച്ചയായി ഇവർ ‘കാട്ടുകള്ളന്മാർ’ എന്ന ഗ്രന്ഥവും പുറത്തിറക്കി.
തിരുവനന്തപുരം പ്രസ് ക്ലബ് ജേണലിസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം, മൾട്ടി മീഡിയ സോഫ്റ്റ്വെയർ കമ്പനിയായ ഇൻവിസിന്റെ സ്ഥാപക ചെയർമാൻ കൂടിയാണ്. മാധ്യമപ്രവർത്തനത്തിന് പുറമെ സാഹിത്യരംഗത്തും അദ്ദേഹം സജീവമായിരുന്നു.
ബഹിരാകാശ ശാസ്ത്രത്തെ അധികരിച്ച് രണ്ട് ഗ്രന്ഥങ്ങളും, വിദേശ യാത്രാ അനുഭവങ്ങൾ കോർത്തിണക്കി ‘ആകാശരേഖകൾ’ എന്ന കൃതിയും അദ്ദേഹം രചിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ മാധ്യമ പുരസ്കാരം, ബോധി പുരസ്കാരം, ശിവറാം അവാർഡ്, എസ്.
ജയചന്ദ്രൻ നായർ സ്മാരക പുരസ്കാരം, ഐ.വി. ദാസ് പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഉമയാണ് ഭാര്യ. ശങ്കരനാരായണൻ (അമേരിക്ക) മകനാണ്.
ചിത്രയാണ് പരേതയായ മകൾ.

