കേരളത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിഭാവനം ചെയ്യുന്ന ‘മിഷൻ സമുദ്ര’ പദ്ധതിയിലേക്ക് നിക്ഷേപകരുടെ ശ്രദ്ധ.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോടനുബന്ധിച്ച് മദർഷിപ്പുകളുടെ നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി അത്യാധുനിക കപ്പൽശാല സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ തുടർച്ചയായ നടപടികൾക്കാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (സിയാൽ) വിജയകരമായ മാതൃകയിൽ, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) ഈ പദ്ധതിയും യാഥാർത്ഥ്യമാകുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം.
സംസ്ഥാനം നേരിടുന്ന നിലവിലെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ, വൻകിട പദ്ധതികൾക്ക് സർക്കാരിന് മാത്രമായി മുതൽമുടക്ക് നടത്തുക എന്നത് വെല്ലുവിളിയാണ്.
അതിനാൽ, സിയാൽ മാതൃക പിന്തുടരുന്നത് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. നികുതിയിതര വരുമാന സ്രോതസ്സുകൾ
നികുതികൾ വർദ്ധിപ്പിച്ച് ഖജനാവ് നിറയ്ക്കുന്നതിലുപരി, നികുതിയേതര വരുമാന സ്രോതസ്സുകൾ കണ്ടെത്താനാണ് ബജറ്റിലുടനീളം ഊന്നൽ നൽകിയിരിക്കുന്നത്.
വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി കപ്പൽ നിർമ്മാണ കേന്ദ്രം എന്ന ആശയം ഈ ലക്ഷ്യത്തിന്റെ ഭാഗമാണ്. ചെറുകിട-ഇടത്തരം നിക്ഷേപകർക്ക് കൂടി അവസരം നൽകിക്കൊണ്ട് ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്യുകയാണെങ്കിൽ, പദ്ധതിയുടെ വിപണി മൂല്യം കുതിച്ചുയരുമെന്നും ടൂറിസം ഉൾപ്പെടെയുള്ള മറ്റ് മേഖലകളിലേക്കും ഈ മാതൃക വ്യാപിപ്പിക്കാൻ സാധിക്കുമെന്നും കണക്കാക്കപ്പെടുന്നു.
സിയാൽ എന്ന മാതൃക
രാജ്യത്തിന് തന്നെ മാതൃകയായി മാറിയ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് 1994-ലാണ് പ്രവർത്തനമാരംഭിച്ചത്. നിലവിൽ ഇതിൽ സംസ്ഥാന സർക്കാരിന് 33.38 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിലും, ഏകദേശം 20,000 കോടി രൂപയുടെ വിപണി മൂല്യമാണ് സിയാലിനുള്ളത്. 10 രൂപ മുഖവിലയിൽ ആരംഭിച്ച ഓഹരികൾക്ക് ഇന്ന് 440 രൂപയോളം വിലയുണ്ട്.
മികച്ച ഡിവിഡന്റും ബോണസ് ഷെയറുകളും വഴി നിക്ഷേപകർക്ക് വലിയ നേട്ടമാണ് സിയാൽ ഇതിനോടകം നൽകിയിട്ടുള്ളത്. ഇതേ മാതൃക മിഷൻ സമുദ്രയിലും ആവർത്തിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ നിക്ഷേപ സമൂഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

