ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണം ഉപഭോഗം ചെയ്യുന്ന സംസ്ഥാനമെന്ന നിലയിൽ, കേരളത്തെ സ്വർണാഭരണ നിർമാണത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിലൂടെ പുറത്തുവന്നു. സംസ്ഥാനത്ത് പ്രതിവർഷം ഒരു ലക്ഷം കോടി രൂപയുടെ സ്വർണാഭരണ വിൽപന നടക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
പ്രതിദിനം ശരാശരി 300 കോടി രൂപയുടെ വിൽപന നടക്കുമ്പോൾ, അക്ഷയതൃതീയ പോലുള്ള വിശേഷദിവസങ്ങളിൽ ഇത് 1000 കോടി രൂപ കടക്കാറുണ്ട്. നിലവിൽ കേരളത്തിലെ സ്വർണാഭരണങ്ങളിൽ 50 ശതമാനത്തിലധികവും കർണാടക, തമിഴ്നാട്, ബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്.
ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് കൂടുതൽ നിർമാണ യൂണിറ്റുകൾ സ്ഥാപിക്കാൻ വി.ഡി.സതീശൻ പദ്ധതികൾ പ്രഖ്യാപിച്ചത്. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ വൻതോതിലുള്ള നിക്ഷേപം ആകർഷിക്കാനും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കും.
കൂടാതെ, കേരളീയമായ ആഭരണ ഡിസൈനുകളെ അന്താരാഷ്ട്ര വിപണിയിലെത്തിക്കാനും ഈ നീക്കം സഹായകമാകും. പദ്ധതിയുടെ പ്രധാന ഭാഗങ്ങൾ: തൃശൂർ-കൊച്ചി ഇടനാഴി: കേരളത്തിന്റെ സ്വർണാഭരണ നിർമാണത്തിന്റെ കേന്ദ്രങ്ങളായ തൃശൂരിനെയും കൊച്ചിയെയും ബന്ധിപ്പിച്ചുകൊണ്ട് പ്രത്യേക ആഭരണ നിർമാണ ഇടനാഴി സ്ഥാപിക്കും.
ഗോൾഡ് പാർക്ക്: സ്വർണ വിനിമയ കേന്ദ്രവും അത്യാധുനിക ആഭരണ നിർമാണ പാർക്കും (ഗോൾഡ് പാർക്ക്) സ്ഥാപിക്കുന്നതിനായി സർക്കാർ പിന്തുണ ഉറപ്പാക്കും. നൈപുണ്യ വികസനം: പുതുതലമുറയെ മികച്ച ആഭരണ ഡിസൈനർമാരും നിർമാതാക്കളുമായി വാർത്തെടുക്കാൻ ലക്ഷ്യമിട്ട് പരിശീലന പരിപാടികൾക്കായി 10 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
സ്വർണ വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കുന്ന ബജറ്റ് സമീപനത്തെ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) സ്വാഗതം ചെയ്തു. മുൻകാലങ്ങളിൽ ഈ മേഖലയെ നികുതിവെട്ടിപ്പുകാരായി മുദ്രകുത്തുന്ന പ്രവണത ഉണ്ടായിരുന്നുവെന്നും, അതിൽനിന്ന് മാറി മേഖലയെ ചേർത്തുപിടിക്കുന്ന സമീപനമാണ് വി.ഡി.സതീശൻ സ്വീകരിച്ചിരിക്കുന്നതെന്നും അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.
അബ്ദുൽ നാസർ അഭിപ്രായപ്പെട്ടു. പുറത്തുപോയ നിർമാതാക്കളെ തിരികെ കൊണ്ടുവരാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദേശം 30 ഏക്കറിൽ ജെം ആൻഡ് ജ്വല്ലറി പാർക്ക് സ്ഥാപിക്കണമെന്ന നിർദ്ദേശവും അസോസിയേഷൻ മുന്നോട്ടുവെക്കുന്നു. നിർമാണ യൂണിറ്റുകൾ, പരിശീലന കേന്ദ്രങ്ങൾ, ബുള്ള്യൻ ബാങ്ക്, തൊഴിലാളി താമസസൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ പാർക്കിന് കേന്ദ്ര പദ്ധതികളുടെ സഹായം പ്രയോജനപ്പെടുത്താനാകും.
ഭീമ ഗ്രൂപ്പ് ചെയർമാനും എകെജിഎസ്എംഎ സംസ്ഥാന ചെയർമാനുമായ ഡോ.ബി. ഗോവിന്ദൻ ഈ ബജറ്റ് പ്രഖ്യാപനത്തെ പിന്തുണച്ചു.
സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖലയ്ക്കും മൊത്തത്തിലുള്ള സമ്പദ്വ്യവസ്ഥയ്ക്കും ഇത് വലിയ കുതിച്ചുചാട്ടം നൽകുമെന്നും, തൊഴിലാളികളുടെ സഹകരണം കൂടി ഉറപ്പാക്കിയാൽ പദ്ധതി വലിയ നേട്ടമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

