കുമരകം മേഖലയിൽ പെട്രോൾ പമ്പുകളിൽ നിന്ന് കന്നാസുകളിലും കുപ്പികളിലും ഇന്ധനം നൽകുന്നത് കർശനമായി വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബദൽ സംവിധാനങ്ങൾ ഒരുക്കാതെ ഇന്ധന വിതരണം തടഞ്ഞ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സിഐടിയു, കർഷക കോൺഗ്രസ് തുടങ്ങിയ സംഘടനകൾ വിവിധ പമ്പുകൾക്ക് മുന്നിൽ പ്രക്ഷോഭം സംഘടിപ്പിച്ചു.
കായലോര പ്രദേശമായ കുമരകത്ത് മത്സ്യബന്ധനത്തിനും കാർഷിക ആവശ്യങ്ങൾക്കുമായി വള്ളങ്ങളെയാണ് തൊഴിലാളികൾ പ്രധാനമായും ആശ്രയിക്കുന്നത്. വള്ളങ്ങളുടെ എൻജിനുകളിൽ ഒഴിക്കാൻ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങാൻ കഴിയാതായതോടെ ഉപജീവനമാർഗം വഴിമുട്ടിയ അവസ്ഥയിലാണ് നൂറുകണക്കിന് തൊഴിലാളികൾ.
ടൂറിസം മേഖലയെയും ഈ നിയന്ത്രണം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഹൗസ് ബോട്ടുകൾ, ശിക്കാര വള്ളങ്ങൾ, സ്പീഡ് ബോട്ടുകൾ എന്നിവയുടെ പ്രവർത്തനം ഇന്ധനക്ഷാമം കാരണം പ്രതിസന്ധിയിലായി.
കാർഷിക മേഖലയിലും സ്ഥിതി സമാനമാണ്. പാടശേഖരങ്ങളിലെ യന്ത്രവൽകൃത കൃഷിരീതികളെയാണ് കർഷകർ ആശ്രയിക്കുന്നത്.
യന്ത്രങ്ങളിലേക്ക് ഇന്ധനം എത്തിക്കാൻ കഴിയാതെ വരുന്നത് നെൽക്കൃഷിയെയും പുരയിടങ്ങളിലെ മറ്റ് ജോലികളെയും മന്ദഗതിയിലാക്കിയിരിക്കുകയാണ്. കൃത്യസമയത്ത് ഇന്ധനം ലഭിക്കാത്തത് കാർഷിക പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുന്നുവെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
പ്രതിഷേധം ശക്തമാക്കി കോൺഗ്രസ് പെട്രോൾ, ഡീസൽ വിതരണത്തിലെ നിയന്ത്രണങ്ങളും നിരന്തരമായ വില വർധനയും പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റി പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. പാചകവാതക വില വർധന പിൻവലിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
ഡിസിസി വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ സമരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു തൈത്തറ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം വിഷ്ണു മണി, പഞ്ചായത്ത് അംഗം സലിമ ശിവാത്മജൻ, ചാണ്ടി മണലേൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ. സാബു, പി.കെ.
മനോഹരൻ എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

