കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ നിരീക്ഷണത്തിലായിരുന്ന ഒരാളുടെ കൂടി പരിശോധനാഫലം നെഗറ്റീവായി. രോഗലക്ഷണങ്ങൾ കുറഞ്ഞതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് ചികിത്സയിലുണ്ടായിരുന്ന 9 പേരിൽ 6 പേർ ഇതുവരെ ആശുപത്രി വിട്ടു. നിലവിൽ 3 പേർ മാത്രമാണ് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലുള്ളത്.
നിപ ബാധിതനായ രോഗി ഇപ്പോഴും മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ തുടരുകയാണ്. സമ്പർക്കപ്പട്ടികയിൽ ഇന്ന് പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല.
നിലവിൽ 104 പേരാണ് പട്ടികയിലുള്ളത്. ഇതിൽ 4 പേർ അതീവ റിസ്ക് വിഭാഗത്തിലും, 14 പേർ ഉയർന്ന റിസ്ക് വിഭാഗത്തിലും, 86 പേർ കുറഞ്ഞ റിസ്ക് വിഭാഗത്തിലും ഉൾപ്പെടുന്നു.
രോഗബാധ സ്ഥിരീകരിച്ച രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5-ലെ 50 വീടുകളിൽ ആരോഗ്യ പ്രവർത്തകർ ഇന്ന് നേരിട്ടെത്തി പരിശോധന നടത്തി. അതേസമയം, സംസ്ഥാനത്ത് ഷിഗെല്ല ഉൾപ്പെടെയുള്ള വയറിളക്ക രോഗങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.
2026 ജൂൺ 16 മുതൽ ജൂലൈ 31 വരെ വയറിളക്കരോഗങ്ങൾക്കെതിരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ക്യാമ്പയിൻ നടപ്പിലാക്കും. “വയറിളക്കരോഗങ്ങൾ തടയാം, ജീവൻ രക്ഷിക്കാം” എന്നതാണ് ക്യാമ്പയിന്റെ മുദ്രാവാക്യം.
ക്യാമ്പയിൻ കാലയളവിൽ പൊതുവിദ്യാഭ്യാസ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജലവിഭവ വകുപ്പ്, ജലനിധി തുടങ്ങിയവയുമായി ചേർന്ന് ഏകോപിത പ്രവർത്തനങ്ങൾ നടത്തും. മുലയൂട്ടൽ പ്രോത്സാഹനം, റോട്ടാ വൈറസ് വാക്സിനേഷൻ, കുടിവെള്ള ഗുണനിലവാര പരിശോധന, മാലിന്യ സംസ്കരണം എന്നിവയ്ക്ക് മുൻഗണന നൽകും.
സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. രോഗബാധയുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം (2), കൊല്ലം (1), എറണാകുളം (1), തൃശൂർ (3), മലപ്പുറം (1), കോഴിക്കോട് (9), കണ്ണൂർ (2).
നിലവിൽ കോഴിക്കോട് (33), വയനാട് (18), തൃശൂർ (9), ആലപ്പുഴ (3) എന്നീ നാല് ജില്ലകളിൽ ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ ആകെ 186 ഷിഗെല്ല കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതിൽ 110 എണ്ണവും ജൂൺ മാസത്തിലാണ് സ്ഥിരീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

