ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് പ്രത്യേകാന്വേഷണ സംഘം (SIT) ഹൈക്കോടതിയെ അറിയിച്ചു.
കേസ് പരിഗണിച്ച ജസ്റ്റിസ് വി.രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരടങ്ങുന്ന ബെഞ്ച്, സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ ജൂൺ 29 വരെ സമയം അനുവദിച്ചു. 2025-ൽ ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികൾ നീക്കം ചെയ്ത് സ്വർണ്ണം പൂശുന്നതിനായി ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നിന്നുള്ള ശാസ്ത്രീയ വിശകലന റിപ്പോർട്ട് ലഭിച്ചതായി എസ്ഐടി തലവൻ എസ്.ശശിധരൻ കോടതിയിൽ വ്യക്തമാക്കി. നിലവിൽ കേസിൽ ഉൾപ്പെട്ട
ഉദ്യോഗസ്ഥരുടെ പങ്ക് ഉൾപ്പെടെയുള്ള വിവരങ്ങൾ ക്രോഡീകരിച്ച് സമഗ്ര റിപ്പോർട്ട് ജൂൺ 29-നകം സമർപ്പിക്കുമെന്ന് അന്വേഷണ സംഘം ഉറപ്പുനൽകി. അന്വേഷണത്തിൻ്റെ ഭാഗമായി അന്നത്തെ കാലയളവിൽ ശബരിമലയിൽ ചുമതലയിലുണ്ടായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്ക് പ്രത്യേകമായി പരിശോധിച്ചുവരികയാണെന്ന് എസ്ഐടി അറിയിച്ചു.
ശിൽപ്പങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ ഇവർക്ക് നേരിട്ടോ അല്ലാതെയോ പങ്കുണ്ടോയെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്.
കേസിലെ ക്രിമിനൽ ഗൂഢാലോചനയെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചുമുള്ള അന്വേഷണം തുടരുകയാണെന്ന് സംഘം വ്യക്തമാക്കി. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുക്കുമ്പോൾ അന്വേഷണത്തിനായി ഇതിനകം തന്നെ മതിയായ സമയം നൽകിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
അന്വേഷണം അനിശ്ചിതമായി നീട്ടാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, ജൂൺ 29-നകം റിപ്പോർട്ട് സമർപ്പിക്കാൻ കർശന നിർദ്ദേശം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

