കാസർകോട് ജില്ലയിലെ അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിലായി. മടിക്കൈ, ആല സ്വദേശിയായ ശ്രീജിത്ത് (42) ആണ് പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: 39 വയസ്സുള്ള യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വിവാഹബന്ധം വേർപെടുത്തി മലയോര മേഖലയിൽ താമസിക്കുകയായിരുന്ന യുവതിയുമായി പ്രതി അടുപ്പത്തിലാവുകയും വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പ്രണയബന്ധം സ്ഥാപിക്കുകയുമായിരുന്നു.
തുടർന്ന് വിവിധയിടങ്ങളിലെ ഹോട്ടലുകളിൽ എത്തിച്ച് യുവതിയെ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. യുവതിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വീട് നിർബന്ധപൂർവ്വം വിൽപന നടത്തിച്ച ശേഷം, മറ്റൊരു സ്ഥലത്ത് വസ്തുവും വീടും വാങ്ങാൻ ഇയാൾ പ്രേരിപ്പിച്ചു.
ഇതിനുശേഷം ബാക്കിയുണ്ടായിരുന്ന തുകയും, പുതുതായി വാങ്ങിയ വസ്തുവും വീടും ബാങ്കിൽ പണയം വെപ്പിച്ചും വിവിധ ആവശ്യങ്ങൾ പറഞ്ഞ് വിശ്വസിപ്പിച്ചും മൊത്തം 10 ലക്ഷം രൂപയിലധികം ഇയാൾ തട്ടിയെടുക്കുകയായിരുന്നു. വിവാഹ വാഗ്ദാനത്തിൽ നിന്ന് പ്രതി പിന്മാറിയതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.
അറസ്റ്റിലായ പ്രതിയെ ഹൊസ്ദുര്‍ഗ്ഗ് കോടതിയിൽ ഹാജരാക്കി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

