നെയ്യാറ്റിൻകര അമരവിളയ്ക്ക് സമീപം ഗ്രാമത്തിൽ നടന്ന വാഹനാപകടത്തിൽ പ്രതിശ്രുത വരനായ യുവാവ് മരിച്ചു. ഓഗസ്റ്റ് 23-ന് വിവാഹം നിശ്ചയിച്ചിരുന്ന നടൂർക്കൊല്ല ഓണംകോട് ആർ.എസ്.ഭവനിൽ അജു–ശ്രീദേവി ദമ്പതികളുടെ മകൻ എ.എസ്.അരുൺ കൃഷ്ണൻ (26) ആണ് മരിച്ചത്.
സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു ഇദ്ദേഹം. രാവിലെ എട്ടരയോടെയാണ് സംഭവം.
അരുൺ ഓടിച്ചിരുന്ന കാറിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന് ശേഷം നിയന്ത്രണം വിട്ട
ബസ് സമീപത്തെ കാത്തിരിപ്പു കേന്ദ്രത്തിലേക്ക് പാഞ്ഞു കയറി. കാത്തിരിപ്പു കേന്ദ്രത്തിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
അപകടത്തിൽ ബസ് ഡ്രൈവർ ഷിബു (48), യാത്രക്കാരായ ആഷിക് (17), അനുഷ (22), ലിജോ (38), മിനി (56) എന്നിവർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്നത് അരുൺ മാത്രമായിരുന്നു.
നെയ്യാറ്റിൻകര പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.
വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിവാഹ ഒരുക്കങ്ങൾക്കിടയിലാണ് അപ്രതീക്ഷിതമായി അരുൺ അപകടത്തിൽപ്പെട്ടത്. മാതൃസഹോദരിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി സുഹൃത്തിന്റെ കാറിൽ പോകുമ്പോഴാണ് ദാരുണമായ മരണം സംഭവിച്ചത്.
ഡിജിറ്റൽ സർവേ വകുപ്പിൽ താൽക്കാലിക ഡ്രൈവറായിരുന്ന അരുൺ, അടുത്തിടെയാണ് സ്വകാര്യ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. മരുതത്തൂർ സ്വദേശിനിയുമായി ഓഗസ്റ്റ് 23-ന് വിവാഹം നടക്കാനിരിക്കെയാണ് അരുൺ മരണത്തിന് കീഴടങ്ങിയത്.
ബന്ധുക്കൾക്ക് വിവാഹക്ഷണക്കത്തുകൾ നൽകി ദിവസങ്ങൾക്കുള്ളിലാണ് ഈ വേർപാട്. അരുണിന്റെ മരണവാർത്ത തറവാടിനെയും നാട്ടുകാരെയും ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

