തിരുവനന്തപുരം കോർപറേഷന്റെ നേതൃത്വത്തിൽ നടന്ന ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട ശുചീകരണ പ്രവർത്തനങ്ങളിൽ വലിയ തോതിലുള്ള ക്രമക്കേടുകളും വീഴ്ചകളും നടന്നതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
മുൻവർഷങ്ങളെ അപേക്ഷിച്ച് റെക്കോർഡ് എണ്ണം തൊഴിലാളികളെ രംഗത്തിറക്കിയിട്ടും നഗരത്തിലെ മാലിന്യ നിർമാർജനം കൃത്യസമയത്ത് പൂർത്തിയാക്കാൻ അധികൃതർക്ക് സാധിച്ചില്ല. വിവരാവകാശ രേഖകളിലെ കണക്കുകൾ പ്രകാരം, 2025-ൽ 3189 തൊഴിലാളികളാണ് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതെങ്കിൽ, ഇത്തവണ അത് 4786 ആയി ഉയർത്തുകയായിരുന്നു.
ഇതിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള തൊഴിലാളികളുടെ എണ്ണം 2124-ൽ നിന്ന് 2605-ലേക്ക് വർദ്ധിപ്പിച്ചു. തൊഴിലാളികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടും ശുചീകരണം മന്ദഗതിയിലായത് ഉദ്യോഗസ്ഥ തലത്തിലെ വലിയ വീഴ്ചയാണെന്ന് വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തുടർനടപടികൾ ഒന്നും തന്നെ സ്വീകരിച്ചില്ല. സാമ്പത്തിക കണക്കുകൾ പരിശോധിക്കുമ്പോൾ ഇത്തവണ ശുചീകരണത്തിനായി ചെലവായ തുക 24.3 ലക്ഷം രൂപയാണ്.
മുൻവർഷം ഇത് 22.03 ലക്ഷം രൂപയായിരുന്നു. മാലിന്യ നീക്കത്തിനായി വാഹനങ്ങൾ സ്പോൺസർമാരുടെ സഹായത്തോടെയാണ് കണ്ടെത്തിയതെന്ന ഭരണസമിതിയുടെ വാദം തെറ്റാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
വാഹനങ്ങൾ വാടകയ്ക്കെടുത്ത ഇനത്തിൽ മാത്രം 2.58 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കൂടാതെ, ശുചീകരണ സാമഗ്രികൾ വാങ്ങാനും വാടകയ്ക്കെടുക്കാനും 3.25 ലക്ഷം രൂപയും അധികമായി ചെലവാക്കി.
ഇത്രയും വലിയ തുക ചെലവഴിച്ചിട്ടും പൊങ്കാല മാലിന്യങ്ങളും ഇഷ്ടികകളും നീക്കം ചെയ്യാൻ ദിവസങ്ങളോളം നഗരം കാത്തിരിക്കേണ്ടി വന്നു എന്നതാണ് വസ്തുത. സാമഗ്രികളും വാഹനങ്ങളും വൻ തുകയ്ക്ക് വാടകയ്ക്കെടുത്ത വിവരം ഭരണസമിതി അറിഞ്ഞിരുന്നില്ല എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

