ഹൂസ്റ്റൺ വേദിയാകുന്ന ലോകകപ്പ് മത്സരത്തിൽ കിരീടപ്രതീക്ഷയുമായി പോർച്ചുഗൽ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നു. ഗ്രൂപ്പ് കെയിൽ നടക്കുന്ന മത്സരത്തിൽ കോംഗോയാണ് പോർച്ചുഗലിന്റെ എതിരാളികൾ.
ഇന്ന് രാത്രി 10:30-നാണ് മത്സരം ആരംഭിക്കുന്നത്. ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ആറാം ലോകകപ്പിനാണ് ഇന്ന് ബൂട്ടുയർത്തുന്നത്.
താരത്തിന്റെ കായികക്ഷമതയെച്ചൊല്ലി വിവിധ കോണുകളിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ഇത്തവണത്തെ ടൂർണമെന്റിലും മികച്ച പ്രകടനം പുറത്തെടുക്കാൻ റൊണാൾഡോയ്ക്ക് സാധിക്കുമെന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. കരുത്തുറ്റ ഒരു സംഘവുമായാണ് ഇത്തവണ പോർച്ചുഗൽ എത്തിയിരിക്കുന്നത്.
എതിരാളികളായി കോംഗോയെ ലഭിച്ചത് ടീമിന് അനുകൂല ഘടകമാണെങ്കിലും, ചെറിയ ടീമുകൾ പോലും വലിയ പ്രതിരോധം തീർക്കുന്ന കാഴ്ച ഈ ലോകകപ്പിലെ പതിവ് പ്രവണതയാണെന്നത് പോർച്ചുഗൽ ഗൗരവമായി കാണുന്നു. ഉസ്ബെക്കിസ്ഥാൻ, കൊളംബിയ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
ടീമിന്റെ ഏറ്റവും വലിയ കരുത്ത് അവരുടെ മധ്യനിരയാണ്. വിറ്റിഞ്ഞ, ബ്രൂണോ ഫെർണാണ്ടസ്, ജാവോ നെവെസ്, ബെർണാർഡോ സിൽവ എന്നിവരടങ്ങുന്ന മധ്യനിര ലോകകപ്പിലെ തന്നെ മികച്ച ഒന്നാണ്.
ചാമ്പ്യൻസ് ലീഗ് വിജയത്തിന് ശേഷമെത്തുന്ന വിറ്റിഞ്ഞയും ജാവോ നെവെസും തങ്ങളുടെ മികച്ച ഫോമിലാണ്. പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗ് ഫൈനലിലെ പ്ലെയർ ഓഫ് ദി മാച്ച് കൂടിയായ വിറ്റിഞ്ഞ മധ്യനിരയിൽ നിർണായക പങ്ക് വഹിക്കും.
പ്രീമിയർ ലീഗിലെ ഏറ്റവും കൂടുതൽ അസിസ്റ്റുകളും പ്ലെയർ ഓഫ് ദി സീസൺ പുരസ്കാരവും സ്വന്തമാക്കിയ ബ്രൂണോ ഫെർണാണ്ടസിന്റെ സാന്നിധ്യം പോർച്ചുഗലിന് വലിയ ആത്മവിശ്വാസം നൽകുന്നു. ഒപ്പം ബെർണാർഡോ സിൽവയുടെ വിജയമനോഭാവവും ടീമിന് മുതൽക്കൂട്ടാകും.
പ്രതിരോധ നിരയിൽ ഫുൾ ബാക്ക് നുനോ മെൻഡസിന്റെ സാന്നിധ്യവും ടീമിന് കരുത്ത് പകരുന്നു. കൃത്യമായ പാസുകളിലൂടെ റൊണാൾഡോയിലേക്ക് പന്തെത്തിക്കാനായാൽ പോർച്ചുഗൽ മികച്ച മുന്നേറ്റങ്ങൾ തന്നെ ഇത്തവണ കാഴ്ചവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

