തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥലംമാറ്റ ഉത്തരവിനെ ചൊല്ലി ഉയർന്നുവന്ന ശക്തമായ പ്രതിഷേധങ്ങൾക്കും ആരോപണങ്ങൾക്കും ഒടുവിൽ ഉത്തരവ് ഭേദഗതി ചെയ്ത് അധികൃതർ. ഭരണാനുകൂല സംഘടനകളും കോൺഗ്രസ് അനുകൂല സംഘടനകളും ഉന്നയിച്ച പരാതികളും ആവശ്യങ്ങളും ഗൗരവമായി പരിഗണിച്ചുകൊണ്ടാണ് ബോർഡ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
വിവാദങ്ങൾക്ക് വഴിവെച്ച പട്ടികയിൽ ഇടംപിടിച്ച ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടികളാണ് പുതിയ ഉത്തരവിലൂടെ സ്വീകരിച്ചിരിക്കുന്നത്. ദേവസ്വം മുൻ ക്ലർക്കായ ശ്യാം പ്രകാശിനെ കൊട്ടാരക്കര അസിസ്റ്റന്റ് ഓഡിറ്ററായി നിയമിച്ചു.
നേരത്തെ ഇദ്ദേഹത്തിന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തിക നൽകിയതിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ഇതിനു പുറമെ, വിജിലൻസ് ഓഫീസറായി നിയമിക്കപ്പെട്ട
വിഷ്ണു ജെ.എസിനെ മുണ്ടക്കയം അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറായും പുനർനിയമിച്ചു. ആകെ 75 പേരുടെ സ്ഥലംമാറ്റ പട്ടികയിൽ ഉൾപ്പെട്ടവരിൽ 20 പേരുടെ നിയമനങ്ങളാണ് പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ ബോർഡ് യോഗം തീരുമാനിച്ചത്.
ക്ഷേത്രങ്ങളിൽ ജീവനക്കാരുടെ അപര്യാപ്തത പരിഹരിക്കാൻ ഇത്തരം നടപടികൾ അനിവാര്യമാണെന്നും, വിശദമായ പരിശോധനയ്ക്ക് ശേഷമേ തുടർനടപടികൾ സ്വീകരിക്കൂ എന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് മാത്രം ഉദ്യോഗസ്ഥരെ മാറ്റിനിർത്താൻ സാധിക്കില്ലെന്നും, വിജിലൻസ് ക്ലിയറൻസ് ലഭിച്ചവരെ മാത്രമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം അന്ന് വിശദീകരിച്ചിരുന്നു. എങ്കിലും, സർവീസ് സംഘടനകളുടെ ശക്തമായ സമ്മർദ്ദത്തെയും എതിർപ്പിനെയും തുടർന്നാണ് അന്തിമ ഉത്തരവിൽ ബോർഡ് തിരുത്തലുകൾ വരുത്താൻ നിർബന്ധിതമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

