വടക്കൻ അയർലൻഡിൽ അരങ്ങേറുന്ന വംശീയ കലാപങ്ങളുടെ പശ്ചാത്തലത്തിൽ, യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ (NHS) സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ വംശജരായ ആരോഗ്യപ്രവർത്തകർക്ക് പിന്തുണയുമായി ഹിസ്റ്റൺ, ഇമ്പിംഗ്ടൺ, ഓർച്ചാർഡ് പാർക്ക് എന്നിവിടങ്ങളിൽ നിന്നുള്ള ഡിസ്ട്രിക്റ്റ് കൗൺസിലർ ജിയോ സെബാസ്റ്റ്യൻ രംഗത്തെത്തി. ജൂൺ 8-ന് രാത്രിയുണ്ടായ ഒരു കത്തിക്കുത്ത് ആക്രമണത്തെത്തുടർന്ന്, ജൂൺ 9 വൈകുന്നേരത്തോടെ ബെൽഫാസ്റ്റിൽ വ്യാപകമായ അക്രമങ്ങൾ ആരംഭിക്കുകയായിരുന്നു.
അക്രമികൾ വീടുകളും വാഹനങ്ങളും പൊതുബസുകളുമടക്കം തീവെച്ചു നശിപ്പിച്ചു. ഈ വംശീയ അക്രമങ്ങൾ വടക്കൻ അയർലൻഡിന്റെ മറ്റ് ഭാഗങ്ങളിലേക്കും സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ വിവിധ നഗരങ്ങളിലേക്കും വ്യാപിച്ച സാഹചര്യത്തിൽ സ്ഥിതി അതീവ ഗൗരവകരമാണ്.
ഈ സാഹചര്യത്തിൽ പ്രതികരിച്ച കൗൺസിലർ ജിയോ സെബാസ്റ്റ്യൻ, അക്രമങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കി. “ഇവർ നമ്മുടെ നഴ്സുമാരാണ്.
രോഗികൾ എവിടെ നിന്ന് വരുന്നവരാണെന്ന് നോക്കാതെ, അവർക്കായി സ്വന്തം ജീവിതം സമർപ്പിക്കുന്നവരാണവർ. ജോലിക്ക് പോകുമ്പോൾ സുരക്ഷിതത്വബോധം ഉണ്ടാവുക എന്നത് അവരുടെ അവകാശമാണ്.
നമ്മുടെ ഇന്ത്യൻ ആരോഗ്യപ്രവർത്തകർ ഇവിടെ ഒറ്റയ്ക്കല്ലെന്നും, അവർക്ക് മതിയായ സുരക്ഷയും പരിഗണനയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഞാൻ തൊഴിലുടമകളുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ട്.” എന്ന് അദ്ദേഹം പറഞ്ഞു. ബാധിക്കപ്പെട്ട
ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും മാനസിക പിന്തുണയും ഉറപ്പാക്കുന്നതിനായി വിവിധ കമ്മ്യൂണിറ്റി നെറ്റ്വർക്കുകളുമായും തൊഴിലുടമകളുമായും അദ്ദേഹം നിരന്തരം ആശയവിനിമയം നടത്തിവരികയാണ്. വടക്കൻ അയർലൻഡിലെ ആരോഗ്യരംഗത്തെ പ്രമുഖരും അന്താരാഷ്ട്ര ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വിദേശത്തുനിന്നുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം നിർണ്ണായകമാണെന്നും, അവരുടെ സുരക്ഷ ഉറപ്പാക്കുന്നത് ആരോഗ്യമേഖലയുടെ നിലനിൽപ്പിന് അനിവാര്യമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

