മൂന്നാം ലോകകിരീടം എന്ന ലക്ഷ്യത്തിലേക്ക് ചുവടുവെക്കുന്ന ഫ്രഞ്ച് പട ഇന്ന് ഗ്രൂപ്പ് ഐയിൽ തങ്ങളുടെ കരുത്തുകാട്ടാൻ ഒരുങ്ങുന്നു.
**സെനഗൽ** ആണ് ഫ്രാൻസിന്റെ ഇന്നത്തെ എതിരാളികൾ. ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ ഫുട്ബോൾ ആരാധകർക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് 2002-ലെ ലോകകപ്പ് മത്സരമാണ്.
1998-ലെ ലോകചാമ്പ്യന്മാരായി ഇറങ്ങിയ ഫ്രാൻസിനെ അന്ന് ഒരൊറ്റ ഗോളിന് അട്ടിമറിച്ച ചരിത്രമാണ് സെനഗലിനുള്ളത്. ആ ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് ഇന്നും അവർ മൈതാനത്തിറങ്ങുന്നത്.
1998-ലെയും 2018-ലെയും ലോകകപ്പ് വിജയം ആവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫ്രഞ്ച് സംഘം ഇത്തവണ കളത്തിലിറങ്ങുന്നത്. 2022-ലെ ലോകകപ്പ് ഫൈനലിൽ നേരിട്ട
തോൽവിയുടെ ക്ഷീണം മാറ്റാൻ പരിശീലകൻ ദിദിയർ ദേഷോംസും സംഘവും ഏറെ തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. യോഗ്യതാ മത്സരങ്ങളിൽ പങ്കെടുത്ത ആറിൽ അഞ്ച് മത്സരങ്ങളും വിജയിച്ച ഫ്രാൻസ്, പതിനാറ് ഗോളുകളാണ് അടിച്ചുകൂട്ടിയത്.
മികച്ച താരനിരയാണ് ഇത്തവണ ഫ്രാൻസിനുള്ളത്. കിലിയൻ എംമ്പാപെ എന്ന ബിഗ് ഗെയിം വിന്നറോടൊപ്പം ഡെംബലെ, ഒലീസെ, ദിസിറെ ഡുവെ, ബ്രാഡ്ലി ബാർകോള, ഉമ്പമെക്കാനോ, ചൗമേനി, എൻകോളോ കാന്റെ, റാബിയോട്ട്, റയാൻ ചെർക്കി, കൗണ്ടേ, കോനാട്ടെ എന്നിവരും ഗോൾ വല കാക്കാൻ മൈക്ക് മൈഗ്നനും അണിനിരക്കും.
മറുവശത്ത് സാദിയോ മാനെയുടെ നേതൃത്വത്തിൽ സെനഗലും അട്ടിമറി ലക്ഷ്യമിട്ട് തന്നെയാകും കളത്തിലിറങ്ങുക. ഫ്രാൻസിന്റെ ശക്തമായ മുന്നേറ്റനിരയെ പിടിച്ചുകെട്ടിയാൽ ഗ്രൂപ്പ് ഐയിൽ മറ്റൊരു അട്ടിമറിക്ക് വഴിതെളിയുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ദിവസം സ്പെയ്നിനെ സമനിലയിൽ തളച്ച കേപ് വർദെയുടെ പോരാട്ടവീര്യം മറ്റ് ടീമുകൾക്കും വലിയ ഊർജമാണ് പകരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

