പുൽപള്ളിയിലെ കർഷകർ ഉൾപ്പെടെയുള്ളവർ വലിയ പ്രതീക്ഷയോടെ കൃഷിയിറക്കിയ വെള്ളരിക്ക് വിപണിയിൽ വിലയില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഉൽപാദനച്ചെലവ് പോലും ലഭിക്കാത്ത സാഹചര്യത്തിൽ നൂറുകണക്കിന് കർഷകരാണ് വിളവെടുക്കാതെ വെള്ളരി പാടത്ത് തന്നെ ഉപേക്ഷിക്കാൻ നിർബന്ധിതരായത്.
മൈസൂരു ചന്തയിൽ നിലവിൽ വെള്ളരിക്ക ലഭിക്കുന്ന വില കിലോയ്ക്ക് വെറും രണ്ടു രൂപ മാത്രമാണ്. വിളവെടുപ്പിനും ചരക്ക് നീക്കത്തിനുമുള്ള ചെലവ് പോലും ഈ തുകയിൽ നിന്ന് ഈടാക്കാൻ കഴിയാത്തതാണ് കർഷകരെ ഈ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്.
മൈസൂരു മാർക്കറ്റ് കേന്ദ്രീകരിച്ചാണ് കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വെള്ളരിക്കയുടെ വിതരണം നടക്കുന്നത്. എന്നാൽ, തമിഴ്നാട്ടിലടക്കം ഇത്തവണ വെള്ളരി ഉൽപാദനം വൻതോതിൽ വർധിച്ചത് വിപണിയിൽ വലിയ വിലയിടിവിന് വഴിവെച്ചു.
അടുത്ത കൃഷിക്ക് പാടമൊരുക്കേണ്ട സമയമായതിനാൽ പാടത്ത് കിടക്കുന്ന വെള്ളരി നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്.
കേടുകൂടാതെ ഒരു മാസത്തോളം സൂക്ഷിക്കാൻ കഴിയുന്ന പച്ചക്കറിയാണെങ്കിലും, കാര്യമായ സംഭരണം നടക്കാത്തത് സ്ഥിതി കൂടുതൽ വഷളാക്കുന്നു. കനത്ത നഷ്ടം കാരണം ഈ വർഷത്തെ കൃഷിയിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കർഷകർ നേരിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

