പാലക്കാട് മേലാമുറി പിഎച്ച്സിക്കു സമീപമുള്ള നഗരസഭാ ഭൂമി ഇന്ന് പച്ചപ്പിന്റെയും ഫലസമൃദ്ധിയുടെയും പ്രതീകമായി മാറിയിരിക്കുകയാണ്. ഒരു വർഷം മുൻപ് വരെ ടൺ കണക്കിന് മാലിന്യങ്ങൾ തള്ളിയിരുന്ന, ദുർഗന്ധം വമിച്ചിരുന്ന ഈ പ്രദേശം ഇന്ന് നഗരസഭയുടെ ഹരിതപാർക്കായി പരിവർത്തനം ചെയ്യപ്പെട്ടു.
ഈ പ്രദേശം മാലിന്യമുക്തമാക്കാൻ നഗരസഭാ ആരോഗ്യവിഭാഗം മാസങ്ങളോളം നീണ്ട തീവ്രയജ്ഞമാണ് നടത്തിയത്.
ഇവിടെ നിന്ന് ഏകദേശം 2.5 ടൺ മാലിന്യമാണ് പൂർണ്ണമായും നീക്കം ചെയ്തത്. ഈ ഉദ്യമത്തിന് പ്രാദേശിക പിന്തുണയും ലഭിച്ചു.
സമീപവാസികളായ ശ്രീലക്ഷ്മി വീട്ടിലെ യു.പരശു, ഭാര്യ പാർവതി എന്നിവർ നഗരസഭയുടെ പ്രവർത്തനങ്ങൾക്ക് വലിയ സഹായമാണ് നൽകിയത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഇ.വി.അനിൽകുമാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്.ബിജു, ഡോ.എസ്.പ്രശാന്ത്, എസ്.സ്നേഹ എന്നിവർ നേതൃത്വം നൽകി.
നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരും ഹരിതകർമ സേനയും ഒത്തൊരുമിച്ച് പ്രവർത്തിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ശുചീകരണത്തിന് ശേഷം ഇവിടെ പൂച്ചെടികളും പച്ചക്കറിത്തൈകളും നട്ടുപിടിപ്പിച്ചു.
ഇതിനൊപ്പം നിലക്കടല കൃഷിയും ആരംഭിച്ചു. കൗതുകത്തിനായി നട്ടുപിടിപ്പിച്ച മുന്തിരിച്ചെടികൾ ഇപ്പോൾ ഫലം നൽകി തുടങ്ങിയിരിക്കുന്നു.
നഗരസഭയുടെ രണ്ടാം ഹെൽത്ത് ഡിവിഷന്റെ കീഴിലാണ് ഈ അപൂർവ്വ മുന്തിരിക്കൃഷി നടക്കുന്നത്. നഗരത്തിലെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളെയെല്ലാം ഇത്തരം ഹരിതപാർക്കുകളാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് നഗരസഭാ അധ്യക്ഷൻ പി.സ്മിതേഷ്, സ്ഥിരം സമിതി അധ്യക്ഷ ടി.എസ്.മീനാക്ഷി എന്നിവർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

