പ്രിയദർശിനി പദ്ധതിയുടെ ആദ്യദിനം തന്നെ സ്വകാര്യ ബസ് മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിൽ തൃശൂരിൽ ബസ് ഉടമകളുടെ അടിയന്തര അവലോകന യോഗം ഇന്ന് ചേരും. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ആണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്.
പദ്ധതിയുടെ തുടക്കത്തിൽ തന്നെ വരുമാനത്തിൽ കനത്ത ഇടിവുണ്ടായതായി ഉടമകൾ വ്യക്തമാക്കുന്നു. ഇന്ധനച്ചെലവിനുള്ള തുക പോലും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും, ജീവനക്കാരുടെ വേതനം പൂർണ്ണമായി നൽകാൻ കഴിഞ്ഞില്ലെന്നും അവർ പരാതിപ്പെടുന്നു.
സർവീസുകൾ നിർത്തിവെച്ചുള്ള സമരത്തിലേക്ക് നീങ്ങുന്നതിനെക്കുറിച്ച് ഗൗരവമായ ചർച്ചകൾ ഇന്ന് നടക്കും. വെള്ളിയാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയെ നേരിൽ കണ്ട് തങ്ങളുടെ ആശങ്കകളും നിർദ്ദേശങ്ങളും സമർപ്പിക്കാനും, ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികളിലേക്ക് കടക്കാനും ഉടമകൾ തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി ഇന്നലെയാണ് ആരംഭിച്ചത്. തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള ആദ്യ സർവീസിൽ യാത്രക്കാരനായി മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
സ്ത്രീകളോടുള്ള ആദരസൂചകമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായി പാലിച്ചില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടുനിന്നു.
പെരുമ്പാവൂർ ഡിപ്പോയിലെ വി പി ഷീല, പാപ്പനംകോട് ഡിപ്പോയിലെ ജയകുമാരി എന്നിവരായിരുന്നു ആദ്യ സർവീസിലെ ജീവനക്കാർ. സംസ്ഥാനത്തെ 3125 ഓർഡിനറി സർവീസുകൾ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്.
കെഎസ്ആർടിസിക്കുണ്ടാകുന്ന നഷ്ടം നികത്തുന്നതിനായി പ്രതിമാസം 60 കോടി രൂപ സർക്കാർ അനുവദിക്കും. അധികാരമേറ്റ് ഒരു മാസം തികയുന്നതിന് മുൻപ് തന്നെ ഇന്ദിര ഗ്യാരന്റി പദ്ധതിയിലെ ആദ്യ പ്രഖ്യാപനം സർക്കാർ നടപ്പിലാക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

