അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 80-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വൈറ്റ് ഹൗസിൽ ചരിത്രപരമായ മിക്സഡ് മാർഷൽ ആർട്സ് (MMA) പോരാട്ടങ്ങൾ സംഘടിപ്പിച്ചു. അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് വൈറ്റ് ഹൗസിലെ സൗത്ത് ലോണിലാണ് ഈ കായിക വിരുന്നൊരുക്കിയത്.
പ്രമുഖ സംഘടനയായ അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പ് (UFC) നേതൃത്വം നൽകിയ പരിപാടിക്ക് പിന്നിൽ പ്രവർത്തിച്ചത് പ്രസിഡന്റിന്റെ അടുത്ത സുഹൃത്തും യുഎഫ്സി സിഇഒയുമായ ഡാന വൈറ്റ് ആണ്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള സുപ്രധാന ധാരണ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് പ്രസിഡന്റ് ഈ പരിപാടിയിൽ പങ്കെടുത്തത്.
ഓവൽ ഓഫീസിൽ നിന്ന് ഡാന വൈറ്റിനൊപ്പം വേദിയിലെത്തിയ ഡൊണാൾഡ് ട്രംപ്, പ്രഥമവനിത മെലാനിയ ട്രംപിനും ഡാന വൈറ്റിനുമൊപ്പം മുൻനിരയിൽ ഇരുന്നാണ് മത്സരം വീക്ഷിച്ചത്. പൊതുവേദികളിൽ അപൂർവ്വമായി മാത്രം എത്താറുള്ള പ്രസിഡന്റിന്റെ മകൻ ബാരൺ ട്രംപ് തൊട്ടുപിന്നിലെ നിരയിൽ സന്നിഹിതനായിരുന്നു.
മെറ്റാ സിഇഒ മാർക്ക് സക്കർബെർഗ്, വ്യവസായ പ്രമുഖൻ ഡേവിഡ് എലിസൺ എന്നിവരുൾപ്പെടെയുള്ള വിവിഐപി നിരയും ജനപ്രതിനിധികളും കാബിനറ്റ് അംഗങ്ങളും കായിക വിരുന്ന് കാണാനെത്തിയിരുന്നു. പാരാമൗണ്ട് പ്ലസ് ഒടിടി പ്ലാറ്റ്ഫോം വഴി തത്സമയം സംപ്രേഷണം ചെയ്ത മത്സരത്തിൽ ബോക്സിംഗിനും കിക്ക് ബോക്സിംഗിനും പ്രാധാന്യം നൽകുന്ന ഏഴ് പോരാട്ടങ്ങളാണ് നടന്നത്.
ഇതിൽ ആറെണ്ണവും നോക്കൗട്ടിലൂടെയാണ് അവസാനിച്ചത്. മത്സരഫലങ്ങളിൽ ശ്രദ്ധേയമായത് ലൈറ്റ്വെയ്റ്റ് പോരാട്ടമായിരുന്നു.
യുഎഫ്സി സൂപ്പർതാരമായ ഇലിയ ടോപുരിയയെ അട്ടിമറിച്ച് ജസ്റ്റിൻ ഗെയ്ചി ചാമ്പ്യനായി. ഇത് യുഎഫ്സി ചരിത്രത്തിലെ തന്നെ വലിയ അട്ടിമറികളിലൊന്നായി കണക്കാക്കപ്പെടുന്നു.
മറ്റൊരു മത്സരത്തിൽ ബ്രസീലിയൻ താരം അലക്സ് പെരേരയ്ക്ക് പരാജയം നേരിട്ടു. വിജയികൾ റിംഗിൽ നിന്ന് നേരിട്ടെത്തി പ്രസിഡന്റ് ട്രംപിന് ഹസ്തദാനം നൽകി ആദരവ് പ്രകടിപ്പിച്ചു.
അർദ്ധരാത്രി പിന്നിട്ട് നീണ്ട മത്സരങ്ങൾക്കൊടുവിൽ, പുലർച്ചെ ഒരു മണിയോടെ ആറ് മിനിറ്റ് നീണ്ട
കരിമരുന്ന് പ്രയോഗത്തോടെയാണ് വൈറ്റ് ഹൗസിലെ പരിപാടികൾക്ക് സമാപനമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

