തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ വീണ്ടും വിവാദങ്ങൾ പുകയുന്നു. ദേവസ്വം സ്പെഷൽ പ്ലീഡറുടെ നിയമനത്തിന് പിന്നാലെ, ബോർഡിലെ പുതിയ സ്ഥലംമാറ്റങ്ങൾ കൂടി വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ ഉദ്യോഗസ്ഥരെ നിർണായക ചുമതലകളിൽ നിയമിച്ചതിനെതിരെ ദേവസ്വം മന്ത്രി കെ. മുരളീധരൻ പരസ്യമായി രംഗത്തെത്തി.
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത ഉദ്യോഗസ്ഥന് സുപ്രധാന പദവി നൽകിയതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഈ നടപടി പിൻവലിക്കാൻ ബോർഡ് തയ്യാറായില്ലെങ്കിൽ, സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിനും പങ്കുണ്ടെന്ന് സർക്കാർ വിലയിരുത്തേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇതുസംബന്ധിച്ച് മന്ത്രി നടത്തിയ പരാമർശങ്ങൾ ഇങ്ങനെ:
“സ്വർണക്കൊള്ളയിൽ പങ്കുപറ്റിയവരെ മർമസ്ഥാനത്ത് വെച്ചുകൊണ്ടുള്ള ഉത്തരവ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ബോർഡ് പ്രസിഡന്റിനു കഴിഞ്ഞ ദിവസം കത്തു നൽകി. കെ.ജയകുമാർ തികച്ചും നിഷ്പക്ഷനായ ഒരാളായതു കൊണ്ടാണ് കൂടുതൽ പ്രതികരിക്കാത്തത്.
കഴിഞ്ഞ ദിവസത്തെ സ്ഥലം മാറ്റങ്ങളിൽ അത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധയിൽപെട്ടു. അതു തിരുത്തണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുത്തിയില്ലെങ്കിൽ നിലവിലുള്ള ദേവസ്വം ബോർഡിനും ഈ സ്വർണക്കൊള്ളയിൽ പങ്കുണ്ട് എന്നുള്ള ധാരണയിൽ സർക്കാർ മുന്നോട്ടു പോകും.” കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കുറ്റപത്രം സമർപ്പിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി, കുറ്റപത്രത്തിലെ ഉള്ളടക്കം തൃപ്തികരമല്ലെങ്കിൽ സർക്കാർ കർശനമായി ഇടപെടും എന്നും കൂട്ടിച്ചേർത്തു. സ്വർണക്കൊള്ള നടന്ന സമയത്ത് ശബരിമല സെക്ഷൻ ക്ലർക്കായിരുന്ന ശ്യാമിനെ, വള്ളിയങ്കാവ് ദേവസ്വം അഡ്മിനിസ്ട്രേഷൻ ഓഫീസറായി നിയമിച്ചതാണ് നിലവിൽ വലിയ വിവാദങ്ങൾക്ക് തിരിതെളിച്ചത്.
എന്നാൽ, വിജിലൻസ് ക്ലിയറൻസ് ലഭിച്ചതിനാലാണ് ഈ നിയമനം നടത്തിയതെന്നാണ് ദേവസ്വം ബോർഡിന്റെ പക്ഷം. മന്ത്രിയുടെ നിർദ്ദേശപ്രകാരം ഈ സ്ഥലംമാറ്റം റദ്ദാക്കണമോ എന്ന വിഷയം നാളെ ചേരുന്ന ദേവസ്വം ബോർഡ് യോഗം വിശദമായി ചർച്ച ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

