ജില്ലയുടെ ഭരണസിരാകേന്ദ്രവും പ്രധാന ഐടി ഹബ്ബുമായ കാക്കനാടിന്റെ രാത്രികാല ഗതാഗത സംവിധാനങ്ങൾ അതീവ പരിമിതമെന്ന് വ്യാപക പരാതി. രാത്രി 8.30 കഴിഞ്ഞാൽ മേഖലയിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുകയെന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഇൻഫോപാർക്ക്, സ്മാർട്സിറ്റി, പ്രത്യേക സാമ്പത്തിക മേഖലകൾ എന്നിവടങ്ങളിലായി ഏകദേശം അൻപതിനായിരത്തോളം ജീവനക്കാരാണ് ജോലി ചെയ്തുവരുന്നത്. ഇതിൽ മൂന്നിലൊന്ന് ആളുകളും രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവരാണ്.
സ്വകാര്യ കമ്പനികൾ യാത്രാ സൗകര്യം ഒരുക്കുന്നുണ്ടെങ്കിലും, സ്വന്തം നിലയ്ക്ക് യാത്ര ചെയ്യാൻ താൽപര്യപ്പെടുന്നവർക്ക് പൊതുഗതാഗത സംവിധാനങ്ങളുടെ അഭാവം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സീപോർട്ട് എയർപോർട്ട് റോഡ്, സിവിൽലൈൻ റോഡ് എന്നിവിടങ്ങളിലൂടെയുള്ള രാത്രികാല ബസ് സർവീസുകൾ അപര്യാപ്തമാണെന്നത് വസ്തുതയാണ്.
രാത്രി 11 വരെ എങ്കിലും ബസ് സർവീസുകൾ ഉറപ്പാക്കണമെന്നത് ദീർഘകാലമായി ഉയരുന്ന ആവശ്യമാണ്. ദീർഘദൂര ബസുകൾ ഈ വഴി തിരിച്ചുവിട്ടാൽ കൊച്ചി നഗരത്തെ ആശ്രയിക്കുന്ന യാത്രക്കാർക്ക് ഏറെ ഗുണകരമാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
പകൽ സമയങ്ങളിലും ഈ മേഖലയിൽ യാത്രാ ദുരിതം രൂക്ഷമാണ്. കലക്ടറേറ്റ് ജംക്ഷനിൽ ബസ് ഇറങ്ങുന്നവർക്ക് ഇൻഫോപാർക്കിലേക്കും സ്മാർട് സിറ്റിയിലേക്കും പോകാൻ കാര്യമായ പൊതുഗതാഗത സൗകര്യങ്ങളില്ല.
പലർക്കും ഓട്ടോറിക്ഷകളെ അമിത നിരക്ക് നൽകി ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. കാക്കനാട് ബസ് സ്റ്റാൻഡ് വിപുലീകരിച്ച് 24 മണിക്കൂറും ലഭ്യമാകുന്ന രീതിയിൽ കൂടുതൽ പൊതുഗതാഗത സൗകര്യങ്ങൾ ഒരുക്കണമെന്നാണ് ടെക്കികൾ ഉൾപ്പെടെയുള്ളവരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

