ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ മുതിർന്ന സി.പി.എം നേതാവ് എ പത്മകുമാർക്കെതിരായ അച്ചടക്ക നടപടികൾ തീരുമാനിക്കുന്നതിനായി പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കൂടിയായ പത്മകുമാറിനെ പാർട്ടിയിലെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാനാണ് സാധ്യത.
കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ രാവിലെ പത്ത് മണിക്കാണ് നിർണായകമായ യോഗം ആരംഭിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പത്മകുമാറിനെ സംരക്ഷിക്കുന്ന നിലപാട് പാർട്ടി നേതൃത്വം സ്വീകരിക്കുന്നുവെന്നാരോപിച്ച് ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു.
ഇതിനെത്തുടർന്നാണ് വിഷയത്തിൽ തിരുത്തൽ നടപടികളിലേക്ക് കടക്കാൻ പാർട്ടി തീരുമാനിച്ചത്. അതേസമയം, പാർട്ടി തനിക്കെതിരെ നടപടി സ്വീകരിച്ചാൽ ഉന്നതരുടെ പങ്കുൾപ്പെടെയുള്ള വിവരങ്ങൾ വെളിപ്പെടുത്തുമെന്ന സൂചനയാണ് എ പത്മകുമാർ നൽകുന്നത്.
നിലവിൽ ജാമ്യത്തിൽ കഴിയുന്ന അദ്ദേഹം തന്നോട് അടുപ്പമുള്ളവരോട് പാർട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്ന ചില കാര്യങ്ങൾ പങ്കുവെച്ചതായാണ് വിവരം. പത്തനംതിട്ട
ജില്ലാ കമ്മിറ്റിയുടെ തുടക്കം മുതൽ അംഗമായിരുന്ന പത്മകുമാറിനെ, സ്വർണക്കൊള്ള വിവാദങ്ങൾ കത്തിപ്പടർന്ന സമയത്തും പാർട്ടി സംരക്ഷിച്ചിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് താൻ നേരത്തെ സൂചിപ്പിച്ച ‘ദൈവതുല്യരായ’ വ്യക്തികളുടെ പേരുകൾ പുറത്തുവരാതിരിക്കാനാണ് പാർട്ടി തന്നെ സംരക്ഷിച്ചതെന്ന ആരോപണവും ഉയർന്നിരുന്നു. നിലവിൽ പാർട്ടിയും പത്മകുമാറും വ്യത്യസ്ത ദിശകളിൽ സഞ്ചരിക്കുമ്പോൾ, തുടർന്നുണ്ടാകുന്ന വെളിപ്പെടുത്തലുകളും രാഷ്ട്രീയ നീക്കങ്ങളും വലിയ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

