ഫിലാഡല്‍ഫിയയിലെ ലിങ്കണ് ഫിനാന്‍ഷ്യല്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇ പോരാട്ടത്തില്‍, ലാറ്റിന്‍ അമേരിക്കന്‍ വമ്പന്മാരായ ഇക്വഡോറിനെതിരെ ഐവറി കോസ്റ്റിന് ചരിത്രവിജയം. ഒന്നിനെതിരെ പൂജ്യം ഗോളുകള്‍ക്കാണ് ആഫ്രിക്കന്‍ ടീമിന്റെ ജയം.
മത്സരത്തിന്റെ 90-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം അമദ് ദിയാലോ നേടിയ ഗോളാണ് ഐവറി കോസ്റ്റിന് അവിസ്മരണീയമായ വിജയം സമ്മാനിച്ചത്. ഈ പരാജയത്തോടെ ഇക്വഡോറിന്റെ തുടര്‍ച്ചയായ 19 മത്സരങ്ങളുടെ അപരാജിത കുതിപ്പിനാണ് അന്ത്യമായത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ മികച്ച ആധിപത്യം പുലര്‍ത്തിയത് ഇക്വഡോര്‍ ആയിരുന്നു. ആദ്യ അരമണിക്കൂറില്‍ ഇക്വഡോര്‍ താരങ്ങളായ ജോണ്‍ യെബോവ, അലന് മിന്‍ഡ എന്നിവരുടെ ശക്തമായ ഷോട്ടുകള്‍ ഐവറി കോസ്റ്റ് ഗോള്‍പോസ്റ്റിന്റെ ക്രോസ്സ്ബാറില്‍ തട്ടിത്തെറിച്ചത് അവര്‍ക്ക് തിരിച്ചടിയായി.
രണ്ടാം പകുതിയില്‍ തന്ത്രപരമായ മാറ്റങ്ങളുമായി ഐവറി കോസ്റ്റ് കളിയിലേക്ക് തിരിച്ചെത്തി. എലി വാഹിയുടെ മികച്ചൊരു ശ്രമം ഇക്വഡോര്‍ പോസ്റ്റില്‍ തട്ടി മടങ്ങിയത് ഐവറി കോസ്റ്റിനും നിരാശയായി.
മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയ വേളയിലാണ് വില്‍ഫ്രഡ് സിംഗോ വലതുവിങ്ങില്‍ നിന്നും നല്കിയ പന്ത് പകരക്കാരനായി ഇറങ്ങിയ അമദ് ദിയാലോ കൃത്യമായ ഇടങ്കാലന്‍ ഷോട്ടിലൂടെ വലയിലെത്തിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഐവറി കോസ്റ്റ് ഒരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തെ തോല്‍പ്പിക്കുന്നത്.
2014-ന് ശേഷം ലോകകപ്പ് വേദിയിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കാന്‍ ടീമിന് സാധിച്ചു. ഇക്വഡോറിന്റെ സൂപ്പര്‍ താരം ഗോണ്‍സാലോ പ്ലാറ്റയുടെ ശ്രമങ്ങളെ തടഞ്ഞുനിര്‍ത്തിയ ഗോള്‍കീപ്പര്‍ യഹിയ ഫോഫാനയുടെ മികച്ച പ്രകടനവും ഈ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

