കർണാടക സർക്കാർ ബസുകളിൽ വനിതകൾക്കായി ഏർപ്പെടുത്തിയ സൗജന്യ യാത്രാ പദ്ധതി, സ്ത്രീകളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സാമ്പത്തിക ഭദ്രതയ്ക്കും വ്യക്തിപരമായ സ്വാതന്ത്ര്യത്തിനും ഈ പദ്ധതി കരുത്തേകിയെന്ന് ബെംഗളൂരു സ്വദേശിയായ സുസ്മിത ഷെട്ടി സാക്ഷ്യപ്പെടുത്തുന്നു.
‘ഒറ്റവാക്കിൽ പറഞ്ഞാൽ സൗജന്യയാത്ര സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകി’ എന്നാണ് അവർ പ്രതികരിച്ചത്. ബെംഗളൂരു നോർത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന സുസ്മിത ഷെട്ടി, തന്റെ ദൈനംദിന യാത്രകൾക്കായി നേരത്തെ ഇരുചക്ര വാഹനമാണ് ആശ്രയിച്ചിരുന്നത്.
എന്നാൽ സൗജന്യയാത്ര നിലവിൽ വന്നതോടെ യാത്രാച്ചെലവിൽ വലിയൊരു ലാഭം നേടാൻ സാധിച്ചു. ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കായി മാത്രം ദിവസവും 50 രൂപ ചെലവാക്കേണ്ടിയിരുന്ന സ്ഥാനത്താണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.
മിച്ചം പിടിക്കുന്ന തുക നിക്ഷേപിക്കാൻ സാധിക്കുന്നു എന്നത് വലിയൊരു ആശ്വാസമാണെന്ന് അവർ പറയുന്നു. ബെംഗളൂരുവിലെ മികച്ച പൊതുഗതാഗത ശൃംഖല ഈ പദ്ധതിയുടെ വിജയത്തിന് നിർണായക പങ്ക് വഹിക്കുന്നുണ്ട്.
ജോലി ആവശ്യങ്ങൾക്കായി മാത്രമല്ല, തീർഥാടനങ്ങൾക്കും ബന്ധുവീടുകളിലേക്കുള്ള യാത്രകൾക്കും സാമ്പത്തിക തടസമില്ലാതെ സ്ത്രീകൾക്ക് സഞ്ചരിക്കാം എന്ന സ്ഥിതി വന്നു. ചെറിയ ജോലികൾ ചെയ്യുന്നവർക്കും വിദ്യാർഥികൾക്കും നിർധനരായ വീട്ടമ്മമാർക്കും ഈ പദ്ധതി വലിയ ആശ്വാസമാണ് നൽകുന്നത്.
തുടക്കത്തിൽ പുരുഷ യാത്രക്കാരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും കാലക്രമേണ അതൊരു സാധാരണ നടപടിയായി മാറി. തിരിച്ചറിയൽ രേഖകൾ കാണിക്കുന്നതുമായി ബന്ധപ്പെട്ട് ചിലപ്പോൾ തർക്കങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും, പൊതുവെ ബസ് അധികൃതരിൽ നിന്നും മികച്ച പെരുമാറ്റമാണ് ലഭിക്കുന്നതെന്ന് സുസ്മിത ഷെട്ടി കൂട്ടിച്ചേർത്തു.
കർണാടകയിലെ ഈ മാതൃക പിന്തുടർന്ന് കേരളത്തിലും സൗജന്യയാത്രാ പദ്ധതി ആരംഭിച്ചിരിക്കുകയാണ്. കൂടുതൽ വനിതകൾ പൊതുഗതാഗതത്തെ ആശ്രയിക്കുന്നത് അവരുടെ വരുമാനത്തിലും ജീവിത നിലവാരത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

