ബെര്‍മിംഗ്ഹാം വേദിയായ വനിതാ ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന് പോരാട്ടത്തിനിടെ ശ്രദ്ധേയമായൊരു സംഭവമാണ് അരങ്ങേറിയത്. ടോസ് നേടിയ ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പാകിസ്ഥാന് നായിക ഫാത്തിമ സനയ്ക്ക് ഹസ്തദാനം നല്‍കാതെ മത്സരത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
ടോസ് നടപടികള്‍ക്കും ഇന്റര്‍വ്യൂവിനും ശേഷം ഹര്‍മന്‍പ്രീത് കൗര്‍ ഉടന്‍ തന്നെ മൈതാനത്ത് നിന്ന് മടങ്ങുകയും ചെയ്തു. പാകിസ്ഥാന് ടീമുകളുമായുള്ള മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമുകള്‍ പിന്തുടരുന്ന ‘നോ ഹാന്‍ഡ്ഷേക്’ (No Handshake) നയത്തിന്റെ തുടര്‍ച്ചയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.
2025-ലെ പുരുഷ ഏഷ്യാ കപ്പ് മുതലാണ് ഇത്തരമൊരു നയം പൊതുശ്രദ്ധയില്‍ വന്നത്. തുടര്‍ന്ന് റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ്, അണ്ടര്‍-19 ഏഷ്യാ കപ്പ്, അണ്ടര്‍-19 ലോകകപ്പ് തുടങ്ങി വിവിധ തലങ്ങളിലെ ടൂര്‍ണമെന്റുകളിലും ഇന്ത്യന്‍ താരങ്ങള്‍ പാക് കളിക്കാര്‍ക്ക് കൈകൊടുക്കാതെ മാറിനിന്നിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന വനിതാ ലോകകപ്പിലും സമാനമായ രീതിയില്‍ ഹര്‍മന്‍പ്രീത് കൗറും ഫാത്തിമ സനയും തമ്മില്‍ ഹസ്തദാനം ഉണ്ടായിരുന്നില്ല. മത്സരത്തിന് മുന്നോടിയായി ഈ വിഷയത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്കാന് ഇന്ത്യന്‍ ക്യാപ്റ്റന്‍ തയ്യാറായില്ല.
പുറത്തുനിന്നുള്ള ചര്‍ച്ചകളെക്കാള്‍ ടീമിന്റെ പ്രകടനത്തിനാണ് മുന്‍ഗണനയെന്നായിരുന്നു ഹര്‍മന്‍പ്രീത് വ്യക്തമാക്കിയത്. അതേസമയം, മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച റിച്ചാ ഘോഷിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം താരം പങ്കുവെച്ചു.
ഹര്‍മന്‍പ്രീത് കൗറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: ”എനിക്ക് റിച്ചയെ ഓപ്പണറായി കളിപ്പിക്കാന്‍ വലിയ ആഗ്രഹമുണ്ട്. എന്നാല്‍ നിലവില്‍ മിഡില്‍ ഓര്‍ഡറില്‍ താരത്തിന് കൃത്യമായ ഒരു റോളുണ്ട്, അതവര് ഭംഗിയായി നിര്‍വ്വഹിക്കുന്നുമുണ്ട്.
ഇന്ന് റിച്ച കളിച്ച രീതിയില്‍ ഞാന്‍ അതീവ സന്തുഷ്ടയാണ്.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

