പാക്കിസ്ഥാനിലെ നിലവിലെ പ്രതിഷേധ പ്രകടനങ്ങൾക്കെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തി. ഭരണഘടനാ വിരുദ്ധമായ ഇത്തരം പ്രക്ഷോഭങ്ങൾ രാജ്യദ്രോഹത്തിന്റെ തുടക്കമാണെന്ന് അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി.
ഭരണഘടനയുടെ അഞ്ചാം അനുച്ഛേദം അനുസരിച്ച് രാഷ്ട്രത്തോടുള്ള വിശ്വസ്തത പൗരന്മാരുടെ കടമയാണെന്നും, ഇത് ലംഘിക്കുന്നത് ഗുരുതരമായ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനാപരമായ വാദങ്ങൾക്കപ്പുറം മതപരമായ പരാമർശങ്ങളും ഖ്വാജ ആസിഫ് തന്റെ കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭൂമിയിൽ കുഴപ്പങ്ങളും അഴിമതിയും സൃഷ്ടിക്കുന്നവർക്കും, അല്ലാഹുവിനോടും പ്രവാചകനോടും യുദ്ധം പ്രഖ്യാപിക്കുന്നവർക്കും ലഭിക്കുന്ന ശിക്ഷയെക്കുറിച്ചുള്ള ഖുറാൻ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. ഇതിനിടെ, മേഖലയിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് കടുത്ത നടപടികളാണ് ഭരണകൂടം സ്വീകരിക്കുന്നത്.
ജോയിന്റ് ആവാമി ആക്ഷൻ കമ്മിറ്റി നേതാക്കളെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം അധികൃതർ പ്രഖ്യാപിച്ചു. തിരച്ചിൽ ഊർജിതമാക്കിയ നാല് പ്രതിഷേധക്കാർക്ക് പുറമെ, രണ്ട് നേതാക്കൾക്കെതിരെ ഇതിനകം രാജ്യദ്രോഹക്കുറ്റം ചുമത്തിക്കഴിഞ്ഞു.
കുറഞ്ഞ വൈദ്യുതി നിരക്ക്, സബ്സിഡി നിരക്കിലുള്ള ഗോതമ്പ് മാവ്, സാമ്പത്തിക സഹായം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മാസങ്ങൾക്ക് മുൻപ് ആരംഭിച്ച പ്രക്ഷോഭങ്ങൾ പിന്നീട് അധികാരികളുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് വഴിമാറുകയായിരുന്നു. അതേസമയം, പ്രതിഷേധക്കാർക്കെതിരെ പാക്കിസ്ഥാൻ ഭരണകൂടം നടത്തുന്ന നടപടികൾ മനുഷ്യാവകാശ ലംഘനമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു.
ഇക്കാര്യത്തിൽ പാക്കിസ്ഥാനെ ഉത്തരവാദിത്വപ്പെടുത്താൻ രാജ്യാന്തര സമൂഹം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

