സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 2026 ജൂൺ 14-ാം തീയതി അഞ്ച് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർകോട് എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. നാളെ മുതൽ മഴയുടെ തീവ്രത കുറയുമെന്നാണ് വിലയിരുത്തൽ.
ജൂൺ 15 മുതൽ ഈ മാസം 17 വരെ സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. അതിനാൽ തന്നെ നാളെ അവധിയുണ്ടാകുമോ എന്ന തരത്തിലുള്ള ആശങ്കകൾ വേണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
കൂടാതെ, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ ജാഗ്രതാ നിർദേശങ്ങൾ: ഇന്ന് (14/06/2026) മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
കാറ്റ് വീശുമ്പോഴും മഴ പെയ്യുമ്പോഴും മരങ്ങളുടെ ചുവട്ടിൽ നിൽക്കുന്നതോ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോ ഒഴിവാക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വിവരമറിയിക്കാൻ ശ്രദ്ധിക്കണം.
ഇതോടൊപ്പം തന്നെ ഇടിമിന്നലിനെതിരെയും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. മനുഷ്യജീവനും മൃഗങ്ങൾക്കും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും ഇടിമിന്നൽ വലിയ നാശനഷ്ടങ്ങൾ വരുത്താറുണ്ട്.
കാർമേഘങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്നും, ഇടിമിന്നൽ എല്ലായ്പ്പോഴും ദൃശ്യമാകില്ല എന്നതിനാൽ ജാഗ്രത തുടരണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

