കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ നിർണായക വിവരങ്ങളാണ് പുറത്തുവരുന്നത്.
വിദേശത്ത് നിന്നും സ്വർണം കടത്തിക്കൊണ്ടുവന്ന സൽമാൻ സാലിഹ്, താൻ കൊണ്ടുവന്ന സ്വർണം സുഹൃത്തുക്കളുമായി ചേർന്ന് പങ്കിട്ടെടുത്തതായി പൊലീസിനോട് സമ്മതിച്ചു. മലപ്പുറം എ ആർ നഗർ സ്വദേശിയായ അമീറിന് വേണ്ടിയാണ് സ്വർണം എത്തിച്ചതെന്നാണ് പ്രതിയുടെ മൊഴി.
സ്വർണത്തിന്റെ ഒരു ഭാഗം അമീറിന് കൈമാറിയതായും സൽമാൻ വ്യക്തമാക്കി. എന്നാൽ, സ്വർണം പങ്കിട്ടെടുത്ത വിവരം അറിഞ്ഞ അമീർ, സൽമാന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
ട്രോളി ബാഗിന്റെ കമ്പികളിൽ സ്വർണ മിശ്രിതം ഒളിപ്പിച്ചാണ് ഇയാൾ അത് കടത്താൻ ശ്രമിച്ചത്. അർജുൻ ആയങ്കിയുടെ കൂട്ടാളികളെ പോലും കബളിപ്പിച്ചാണ് പ്രതികൾ സ്വർണം കടത്തിയത്.
ഞായറാഴ്ചയായിരുന്നു കരിപ്പൂർ വിമാനത്താവള പരിസരത്ത് വെച്ച് സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച സംഘം പൊലീസിന്റെ പിടിയിലായത്. അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഇതേ ദിവസം തന്നെ മുണ്ടുപറമ്പ് സ്വദേശിയായ സൽമാനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് സൽമാൻ സാലിഹിനെയും, പരപ്പനങ്ങാടി സ്വദേശി സാദിഖിനെയും പൊലീസ് പിടികൂടിയത്.
സൽമാൻ കൊണ്ടുവരുന്ന സ്വർണം തട്ടിയെടുക്കുന്നതിനായി അഞ്ച് വ്യത്യസ്ത സ്വർണക്കവർച്ചാ സംഘങ്ങളാണ് അന്ന് വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നിരുന്നത്. ഇവരെ മുഴുവൻ കബളിപ്പിച്ചാണ് സൽമാനും സംഘവും കടന്നുകളഞ്ഞത്.
കേസിൽ നേരത്തെ അറസ്റ്റിലായ 13 പേരും വിവിധ കവർച്ചാ സംഘങ്ങളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

