കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്രയുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്.
പ്രഖ്യാപനങ്ങളും നടപ്പാക്കലും തമ്മിൽ വലിയ അന്തരമുണ്ടെന്നും, ഇത് ജനങ്ങളെ കബളിപ്പിക്കുന്ന നടപടിയാണെന്നും അദ്ദേഹം വിമർശിച്ചു. നേരത്തെ ഓർഡിനറി ബസുകളിൽ മാത്രമല്ല സൗജന്യയാത്ര ലഭ്യമാക്കുക എന്ന് വാഗ്ദാനം നൽകിയിരുന്നുവെന്നും, എന്നാൽ ഇപ്പോൾ നിലപാട് മാറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രത്യേകിച്ചും മലബാർ മേഖലയിൽ ഓർഡിനറി ബസുകളുടെ എണ്ണം തീരെ കുറവായതിനാൽ ഈ തീരുമാനം വലിയൊരു വിഭാഗം യാത്രക്കാർക്ക് തിരിച്ചടിയാണ്. ഇതിൽ പ്രതിഷേധിച്ചുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.
എ പത്മകുമാർ നടത്തിയ പരാമർശങ്ങളോടുള്ള ചോദ്യത്തിന് മറുപടിയായി, അദ്ദേഹത്തോട് തന്നെ കാര്യങ്ങൾ ചോദിക്കണമെന്നും ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പാർട്ടി നടപടി നേരിടുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഗോവിന്ദൻ പരിഹസിച്ചു. സർക്കാരിന്റെ ഒരു മാസത്തെ ഭരണത്തിനിടയിൽ രണ്ട് രാജികൾ നടന്നത് ഭരണപരാജയമാണ്.
ജനകീയ പ്രതിഷേധത്തെത്തുടർന്ന് ബെന്നിക്ക് രാജിവെക്കേണ്ടി വന്നത് സ്വജനപക്ഷപാതം മൂലമാണെന്നും, ഇതുവരെ ഇതിൽ വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട
ഗുരുതരമായ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു. സ്വർണ്ണക്കൊള്ളക്കേസിലെ പ്രധാന പ്രതിയുടെ അഭിഭാഷകനും ബിജെപി സഹയാത്രികനുമായ വ്യക്തിയെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത് അതീവ ഗൗരവകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസിന്റെ നിർണ്ണായകമായ രേഖകൾ കൈകാര്യം ചെയ്ത വ്യക്തിയെ തന്നെ ഇത്തരത്തിൽ നിയമിക്കുന്നത് അന്വേഷണത്തെ അട്ടിമറിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ ആരോഗ്യ മേഖലയിലുള്ള ഗുരുതരമായ പ്രതിസന്ധികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റാൻ നീക്കം നടക്കുകയും, മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ട് അത് തടയുകയും ചെയ്ത സംഭവത്തിൽ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. കൂടാതെ, കേരളത്തിലെ വൈസ് ചാൻസലർമാർ സംഘപരിവാർ വേദികളിൽ പങ്കെടുത്തത് മതനിരപേക്ഷതയ്ക്ക് വെല്ലുവിളിയാണെന്നും, ഈ വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി അടിയന്തരമായി മറുപടി നൽകണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

