പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടെ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത ആഭ്യന്തര തർക്കങ്ങൾ പിളർപ്പിലേക്ക് നീങ്ങുന്നു. പാർട്ടിയിലെ വിമത എംപിമാർ ഇന്ന് ദില്ലിയിൽ നിർണ്ണായക യോഗം ചേരും.
ബംഗാൾ ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി വിമത എംപിമാരുമായി കൂടിക്കാഴ്ച നടത്തും. യഥാർത്ഥ തൃണമൂൽ കോൺഗ്രസ് തങ്ങളാണെന്ന് അവകാശപ്പെട്ടുകൊണ്ട് ലോക്സഭാ സ്പീക്കർക്ക് നാളെ കത്ത് നൽകാനാണ് വിമതരുടെ തീരുമാനം.
ബിജെപിയുടെ പിന്തുണയോടെ നടക്കുന്ന ഈ നീക്കങ്ങൾ പാർട്ടി നേതൃത്വത്തിന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. പാർട്ടിയിലെ അധികാരം മമത ബാനർജിയുടെ അനന്തരവനും നാഷണൽ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയിലേക്ക് കേന്ദ്രീകരിക്കുന്നതിനെതിരെയാണ് ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.
ഇതിനു മുൻപ് പശ്ചിമ ബംഗാൾ നിയമസഭയിൽ 58 വിമത എംഎൽഎമാർ ചേർന്ന് പ്രത്യേക പ്രതിപക്ഷ ബ്ലോക്ക് രൂപീകരിച്ചിരുന്നു, ഇതിന് സ്പീക്കർ അംഗീകാരവും നൽകിയിരുന്നു. ഇതേ മാതൃക ലോക്സഭയിലും ആവർത്തിക്കാനാണ് നീക്കം.
ഈ സാഹചര്യത്തിൽ പാർട്ടിയിൽ മമത ബാനർജി വൻ അഴിച്ചുപണി നടത്തിയിട്ടുണ്ട്. പാർട്ടി വിട്ടവരും നേതൃത്വവുമായി അകന്നവരുമായ നേതാക്കളെ പദവികളിൽ നിന്ന് നീക്കി.
ദേശീയ വർക്കിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോൾ സൗഗത റോയ്, ജ്യോതിപ്രിയ മല്ലിക്ക് എന്നിവരെ ഉൾപ്പെടുത്തി. എന്നാൽ സായോനി ഘോഷ്, സുദീപ് ബന്ദേോപാധ്യായ എന്നിവരെ ചുമതലകളിൽ നിന്ന് ഒഴിവാക്കി.
മഹുവ മൊയ്ത്ര, ബിമൻ ബാനർജി തുടങ്ങിയവർ സൂം വഴി നടന്ന വർക്കിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. സംഘടനയുടെ വിവിധ തലങ്ങളിൽ വരുത്തിയ മറ്റ് പ്രധാന മാറ്റങ്ങൾ ഇവയാണ്:
അർണബ് ബാനർജി – സംസ്ഥാന തൃണമൂൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ്.
കുനാൽ ഘോഷ് – വടക്കൻ കൊൽക്കത്ത സംഘടനാ ജില്ലാ പ്രസിഡന്റ്.
മൊസറഫ് ഹൊസൈൻ – ന്യൂനപക്ഷ സെൽ പ്രസിഡന്റ്.
അലിഫാ അഹമ്മദ് – മഹിളാ വിംഗ് പ്രസിഡന്റ്.
പാർട്ടിയുടെ ദേശീയ വർക്കിംഗ് കമ്മിറ്റിയാണ് ഈ നിർണ്ണായക തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

