രക്താർബുദത്തിന് ചികിത്സയിൽ കഴിയുകയായിരുന്ന മൂന്ന് വയസ്സുകാരൻ ഭോപ്പാൽ എയിംസിൽ മരണപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.
ചികിത്സാത്തിനിടെ കുട്ടിക്ക് മരുന്നിന് പകരം ഫോർമാലിൻ കുത്തിവെച്ചതാണ് മരണകാരണമെന്ന് ഔദ്യോഗിക അന്വേഷണത്തിൽ സ്ഥിരീകരിച്ചു. സംഭവത്തിൽ രണ്ട് നഴ്സിങ് ഓഫീസർമാരെ ആശുപത്രി അധികൃതർ സസ്പെൻഡ് ചെയ്തു.
സാഗർ ജില്ലയിലെ ബീനാ തഹസിലിലുള്ള കൗർജ ഗ്രാമത്തിലെ താമസക്കാരനായ സിദ്ധാർഥ് യാദവിന്റെ മകൻ സാർദ്ധക് യാദവ് ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ 2025 ഡിസംബർ 15-നാണ് ഭോപ്പാൽ എയിംസിലെ പീഡിയാട്രിക് വാർഡിൽ പ്രവേശിപ്പിച്ചത്.
ചികിത്സയിലായിരുന്ന കുട്ടി മെഡിക്കൽ സംഘത്തിന്റെ കർശന നിരീക്ഷണത്തിലായിരുന്നു. 2025 ഡിസംബർ 17-ന് രാവിലെയായിരുന്നു മാരകമായ പിഴവ് സംഭവിച്ചത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിങ് ഓഫീസർ സിറിഞ്ചിലുണ്ടായിരുന്ന ദ്രാവകം ശരിയായി പരിശോധിക്കാതെ കുട്ടിയുടെ ഐവി ബോട്ടിലേക്ക് കുത്തിവെക്കുകയായിരുന്നു. നഴ്സിനെ തടയാൻ താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി കുട്ടിയുടെ പിതാവ് സിദ്ധാർഥ് യാദവ് വ്യക്തമാക്കി.
കുത്തിവെപ്പിന് തൊട്ടുപിന്നാലെ സാർദ്ധക്കിന്റെ ആരോഗ്യനില വഷളാവുകയും കുട്ടി ബോധരഹിതനാവുകയും ചെയ്തു. ഉടൻ തന്നെ പിഐസിയുവിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടി കുഴഞ്ഞുവീണതിന് പിന്നാലെ സംഭവസ്ഥലത്തുണ്ടായിരുന്ന ജീവനക്കാർ ഐവി ബോട്ടിൽ മാറ്റാൻ ശ്രമിച്ചതായും കുടുംബം ആരോപിക്കുന്നു. ആശുപത്രി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ, കോശങ്ങളും മൃതദേഹങ്ങളും കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ അബദ്ധത്തിൽ കുട്ടിയുടെ ശരീരത്തിൽ എത്തിയതാണെന്ന് കണ്ടെത്തി.
ബയോപ്സി സാംപിളിനായി ശേഖരിച്ച ഫോർമാലിൻ സിറിഞ്ചിലാക്കി വാർഡിൽ തുറന്ന നിലയിൽ സൂക്ഷിച്ചിരുന്നതാണ് പിഴവിന് കാരണമായത്. നഴ്സിങ് ഓഫീസർ മധുബാല ശർമയാണ് രാസവസ്തു കുത്തിവെച്ചത്.
മറ്റൊരു നഴ്സിങ് ഓഫീസറായ അനുക ഈ രാസവസ്തു സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

